തിരുവല്ല: കൈയ്യിലുണ്ടായിരുന്ന കാശിനു മുഴുവൻ അടിച്ചുതീർത്ത് നാടുപിടിക്കാൻ നോക്കിയപ്പോൾ അവസാന ബസും സ്റ്റാൻഡ് വിട്ടു. എന്നാൽ പിന്നെ ഓട്ടോറിക്ഷയിൽ വീടുപിടിക്കാമെന്നു നോക്കിയപ്പോൾ കീശയിൽ നയാപൈസയില്ല. ലഹരി മൂത്തുനിൽക്കുന്ന യുവാവ് പിന്നെ ഒന്നും ചിന്തിച്ചില്ല. ജനങ്ങളുടെ മയിൽ വാഹനത്തിൽതന്നെ വീടുപിടിക്കാനായി ശ്രമം. കെഎസ്ആർടിസി ബസിൽ കയറി അത് സ്റ്റാർട്ടുചെയ്തു.
പിന്നെ ട്വിസ്റ്റ്… പിന്നോട്ടെടുത്ത് വണ്ടി തിരിച്ചപ്പോഴേക്കും യാത്രക്കാർ കണ്ടു… പിന്നെ നേരെ പോലീസ് സ്റ്റേഷനിലേക്ക്.
തിരുവല്ല കെഎസ്ആർടിസി ഡിപ്പോയിൽ ഞായറാഴ്ച രാത്രിയിലാണ് ഓർഡിനറി ബസ് ഓടിച്ച് കൊണ്ടുപോകാൻ ആഞ്ഞിലിത്താനം മാമന്നത്ത് ജെബിൻ (34) ശ്രമിച്ചത്. മല്ലപ്പള്ളി റൂട്ടിലാണ് ഇയാൾക്ക് പോകേണ്ടിയിരുന്നത്. ഡിപ്പോയിൽനിന്നുള്ള അവസാന ബസ് രാത്രി എട്ടിന് പോയി. ഇതിനുമുമ്പേ ജെബിനും രണ്ട് സുഹൃത്തുക്കളും സ്റ്റേഷനിലെത്തി മല്ലപ്പള്ളി ബസ് എത്രമണിക്കാണെന്ന് തിരക്കിയിരുന്നു.
ബസെല്ലാം പോയി കഴിഞ്ഞിട്ടും ഇവർ പിന്നീട് പലവട്ടമെത്തി ഇനി ബസുണ്ടോയെന്ന് തിരക്കിയെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. ഇതേസമയം പിറ്റേന്ന് രാവിലെ 5.45-ന് മല്ലപ്പള്ളിക്ക് ആദ്യ ട്രിപ്പ് പോകേണ്ട ബസ് രാത്രി 10 മണിയോടെ ഡിപ്പോയിൽ പാർക്കുചെയ്തിരുന്നു. താക്കോൽ എടുക്കാതെയാണ് ഡ്രൈവർ ബസ് നിർത്തിയിട്ട് ഓഫീസിലേക്ക് പോയത്.
ഇതുകണ്ട ജെബിൻ പത്തേകാലോടെ ഡ്രൈവറുടെ സീറ്റിൽ കയറി ബസ് സ്റ്റാർട്ടുചെയ്യുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ അധികൃതർ, ബസിൽനിന്നിറങ്ങാൻ ആവശ്യപ്പെട്ടിട്ടും ജെബിൻ കൂട്ടാക്കിയില്ല. പിന്നീട് പോലീസ് എത്തിയാണ് പുറത്തിറക്കിയത്. എന്നാൽ പ്രോത്സാഹനം നൽകിയ കൂട്ടുകാർ ഇതിനകം സ്കൂട്ടായിരുന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായ തനിക്ക് ബസോടിച്ചാൽ എന്താണ് കുഴപ്പമെന്നായിരുന്നു ഇയാളുടെ ചോദ്യമെന്ന് ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു. ജെബിൻ മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കുറ്റത്തിനാണ് ജെബിനെ പോലീസ് അറസ്റ്റ് ചെയ്തത്.