തിരുവനന്തപുരം: പോലീസ് മർദനങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഇതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ഭിത്തി മറികടന്ന് നോർത്ത് ഗേറ്റ് വഴി അകത്ത് കടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് സൗത്ത് ഗെയ്റ്റ് ഭാഗത്തുമെത്തി പ്രതിഷേധം തുടർന്നതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നു.
സംഭവത്തിൽ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമായതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ബാരിക്കേഡിന് ഒരുവശത്തിലൂടെ സെക്രട്ടേറിയറ്റിനകത്തേക്ക് കയറാൻ ശ്രമിച്ചതോടെ പോലീസ് ചെറുത്തു. ഇതോടെ മാർച്ച് സംഘർഷത്തിലേക്ക് നീങ്ങി. പ്രദേശത്ത് ഏറെനേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
അതേസമയം സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന്റെ സമീപത്തുനിന്ന് ഓടി സംരക്ഷണ ഭിത്തി കടന്ന് സെക്രട്ടേറിയറ്റിനകത്തു കടക്കാൻ പ്രതിഷേധക്കാർ ശ്രമം നടത്തി. സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കുമെന്നുതന്നെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്.