തൃശ്ശൂർ: തൃശ്ശൂർ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ പോലീസ് സ്റ്റേഷനിലിട്ട് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കസ്റ്റഡിയിലെ പോലീസ് മർദ്ദനം ഒതുക്കാൻ തനിക്ക് പണം വാഗ്ദാനം ചെയ്തെന്ന് മർദ്ദനമേറ്റ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്ത്. സുജിത്തിനും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനുമായി പോലീസുകാർ 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തൽ. ഒപ്പം, അന്ന് പോലീസ് ഡ്രൈവറായിരുന്ന സുഹൈറും തന്നെ മർദിച്ചെന്നും ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത്ത് പറയുന്നു. പണം വാഗ്ദാനം ചെയ്തപ്പോൾ നിയമവഴിയിൽ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ പിൻതിരിയുകയായിരുന്നു. തന്നെ സമീപിച്ചതു മർദിച്ച പോലീസുകാരല്ല, വേറെ ഉദ്യോഗസ്ഥരാണു സമീപിച്ചതെന്നും സുജിത്തിന്റെ വെളിപ്പെടുത്തൽ.
ആദ്യത്തെ അടിയിൽ തന്നെ ബോധം പോകുന്നതു പോലെയായി. വാഹനത്തിനകത്ത് കയറ്റുമ്പോൾ തന്നെ ഷർട്ട് വലിച്ചു കീറി. ഇതിനു ശേഷമാണു മർദിച്ചത്. സ്‌റ്റേഷനിലേക്ക് എത്തുന്നതിനു മുന്നെയും തല്ലി. ചെവിയിലാണ് ആദ്യത്തെ അടി കിട്ടത്. ആ അടിയിലാണ് കർണപുടം പൊട്ടിയത്. അത് പിന്നീട് കേൾവി പ്രശ്നമായി മാറി. ശശിധരൻ, ഷുഹൈർ എന്നിവർ മുകളിലേക്ക് കയറിവന്ന് മർദ്ദിച്ചു. ഇവരെ സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കില്ലെന്നും സുജിത്ത് കൂട്ടിച്ചേർത്തു.
അക്രമികൾ ഭീഷണിപ്പെടുത്തിക്കൊണ്ട് പറഞ്ഞ വാക്കുകളും സുജിത്ത് ഓർത്തെടുത്തു. നേതാവ് കളിക്കേണ്ട, പോലീസിനെ എതിർത്ത് സംസാരിക്കാൻ ആയിട്ടില്ല, രാഷ്ട്രീയ പ്രവർത്തനം, ശാന്തിപ്പണി എല്ലാം അവസാനിപ്പിച്ചു തരും, പണിയെടുത്ത് ജീവിക്കാൻ അനുവദിക്കില്ല എന്നെല്ലാം പറഞ്ഞായിരുന്നു മർദ്ദനം.
ചുമരിനോടു ചേർത്തിരുത്തി കാൽ നീട്ടിവയ്പ്പിച്ചാണു കാലിനടിയിൽ ലാത്തികൊണ്ടു തല്ലിയത്. തല്ലിയതിനു ശേഷം നിവർന്നുനിന്ന് ചാടാൻ പറഞ്ഞു. ഇങ്ങനെ പതിനഞ്ച് തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാൻ ചോദിച്ചെങ്കിലും തന്നില്ല. ചെവിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. കൂടാതെ രണ്ടര വർഷത്തിനുള്ളിൽ മാനസികമായും അല്ലാതെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. സഹിക്കാൻ പറ്റാവുന്നതിനും മേലെയായിരുന്നു പീഡനം.
വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടർന്ന്, കാരണം തിരക്കാൻ ശ്രമിച്ചതാണ് സുജിത്ത് ക്രൂര മർദനത്തിന് ഇരയാവാൻ കാരണം. അതേസമയം പ്രതികൾക്കെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ചുമത്തിയത് ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ്. IPC 323 പ്രകാരം കൈ കൊണ്ടടിച്ചു എന്ന വകുപ്പുമാത്രമാണ് ചുമത്തിയത്.