ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവതിയെ വിവാഹം ചെയ്ത് യുവാവ്. കഴിഞ്ഞ ബുധനാഴ്ച നടന്ന ആദിത്യ സിംഗിന്‍റെയും നന്ദിനി സോളങ്കിയുടെയും വിവാഹത്തിനിടെയായിരുന്നു അസാധാരണമായ കാര്യങ്ങൾ നടന്നത്.
അക്ഷയ തൃതീയ ദിവസം വിവാഹം കഴിക്കാനാണ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍, വിവാഹ തിയതിക്ക് ഒരാഴ്ച മുമ്പ് നന്ദിനി അസുഖബാധിതനായി. പിന്നാലെ നന്ദിനിയുടെ നഗരമായ കുംഭരാജിലെ ഒരു പ്രാദേശിക ആശുപത്രിയില്‍ അവര്‍ അഡ്മിറ്റായി. എന്നാല്‍, അസുഖം ഭേദമാകുന്നതിന് പകരം കൂടുതല്‍ വഷളാവുകയായിരുന്നു ചെയ്തത്.
പതുക്കെ നന്ദിനിയുടെ ആരോഗ്യം മെച്ചപ്പെട്ടു. അപ്പോഴും ഡോക്ടര്‍മാര്‍ പൂര്‍ണ്ണമായ ബെഡ് റസ്റ്റാണ് നന്ദിനിക്ക് നിര്‍ദ്ദേശിച്ചത്. ഒപ്പം പറ്റുമെങ്കില്‍ വിവാഹം മാറ്റിവയ്ക്കാനും. എന്നാല്‍, അടുത്ത മുഹൂർത്തം രണ്ട് വർഷത്തിന് ശേഷമാണെന്ന് അറിഞ്ഞതിന് പിന്നാലെ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അതും ആശുപത്രിയില്‍ വച്ച്. കുടുംബത്തിന്‍റെ തീരുമാനത്തെ ആശുപത്രി അധികൃതരും അംഗീകരിച്ചു. അങ്ങനെ ആശുപത്രിയുടെ താഴത്തെ നിലയില്‍ വിവാഹ വേദിയൊരുങ്ങി. പന്തലൊരുങ്ങി. വളരെ കുറച്ച് അതിഥികളെത്തി. ഡോക്ടർമാരും മറ്റ് രോഗികളും സന്നിഹിതരായി. വരനായ ആദിത്യയും ആശുപത്രിയിലെത്തി. വിവാഹ വേദി ആശുപത്രിയായതിനാല്‍ ബാൻഡ്-ബാജ പോലുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കപ്പെട്ടു.
അങ്ങനെ രാത്രി ഒരുമണിക്ക് വിവാഹ മൂഹൂര്‍ത്തത്തില്‍ ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും പ്രത്യേക നിരീക്ഷണത്തില്‍ ആശുപത്രി ബെഡ്ഡില്‍ നിന്നും നന്ദിനിയെ തന്‍റെ ഇരുകൈകളിലും ചുമന്ന് ആദിത്യ വിവാഹ വേദിയിലെത്തിച്ചു. വൈകാരികമായ ആ നിമിഷത്തില്‍ മറ്റുള്ളവര്‍ വധൂവരന്മാരെ പൂക്കളിട്ട് ആശീർവദിച്ചു.