തിരുവനന്തപുരം: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്ളോഗർ ജ്യോതി മൽഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിനും കേരളത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ തോണ്ടിയെടുത്തതോടെ ബിജെപി നേതാക്കൾ വെട്ടിൽ. കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ യാത്രയുമായി ബന്ധപ്പെട്ട് ജ്യോതി മൽഹോത്ര ചിത്രീകരിച്ച വ്‌ളോഗിൽ നേതാക്കളുടെ നിറ സാന്നിധ്യം. ഇതോടെ മന്ത്രി റിയാസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ബിജെപിയെ തിരിഞ്ഞുകൊത്തുകയാണ്.
2023 ഏപ്രിൽ 25-നായിരുന്നു കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ആദ്യ യാത്ര. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ട്രെയിനിന്റെ അകത്തും പുറത്തുമായി ജ്യോതി മൽഹോത്ര ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ നേതാക്കളെ വെട്ടിയാക്കിയിരിക്കുന്നത്. ഈ വീഡിയോയിൽ അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരനും അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രനും മറ്റൊരു ബിജെപി നേതാവും റെയിൽവേ അഡൈ്വസറി കമ്മിറ്റി അംഗമായിരുന്ന പി.കെ കൃഷ്ണദാസും ഉള്ളത്. വിവിധ സ്റ്റേഷനുകളിൽ വന്ദേഭാരത് ട്രെയിനിന് ബിജെപി പ്രവർത്തകർ നൽകിയ സ്വീകരണവും വി. മുരളീധരൻ അടക്കമുള്ളവരെ പ്രവർത്തകർ ഷാൾ അണിയിക്കുന്നതുമെല്ലാം ജ്യോതി പകർത്തിയ വീഡിയോയിലുണ്ട്.
കൂടാതെ വന്ദേഭാരതിനെക്കുറിച്ചുള്ള വി. മുരളീധരന്റെ ദീർഘ പ്രതികരണവും വീഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്. മുരളീധരനൊപ്പം അടുത്തിരുന്ന് യാത്ര ചെയ്ത കെ. സുരേന്ദ്രനും ദൃശ്യങ്ങളിലുണ്ട്.
അതേസമയം ചാരവൃത്തിക്ക് ജ്യോതി മൽഹോത്ര അറസ്റ്റിലായി ദിവസങ്ങൾക്കു ശേഷം ഇവരെ കേരളത്തിലേക്ക് ക്ഷണിച്ചത് കേരള സർക്കാരും ടൂറിസം വകുപ്പുമാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത് കെ. സുരേന്ദ്രനായിരുന്നു. ഇക്കഴിഞ്ഞ മേയിൽ എക്‌സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു സുരേന്ദ്രന്റെ ഈ ആരോപണം. പിണറായി വിജയന്റെ മരുമകൻ നിയന്ത്രിക്കുന്ന കേരള ടൂറിസമാണ് പാക് ചാരവനിതയുടെ കണ്ണൂർ ട്രിപ്പ് സ്‌പോൺസർ ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ആരെയാണ് ജ്യോതി മൽഹോത്ര കണ്ടത്? എവിടേക്കാണു പോയത്? എന്തായിരുന്നു അജൻഡ? എന്തുകൊണ്ടാണ് പാക്ക് ചാരവനിതയ്ക്ക് കേരളം പരവതാനി വിരിച്ചത്, എന്നിങ്ങനെ നീളുന്നു സുരേന്ദ്രന്റെ ചോദ്യങ്ങൾ.
അതുപോലെ ദിവസങ്ങൾക്കു മുമ്പ് ജ്യോതി മൽഹോത്രയെ സർക്കാർ ഔദ്യോഗികമായി കേരളത്തിലേക്ക് ക്ഷണിച്ചതാണെന്ന വിവരാവകാശ രേഖകൾ പുറത്തുവന്നതിനു പിന്നാലെ താൻ ഇക്കാര്യം നേരത്തേ തന്നെ പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കി സുരേന്ദ്രൻ വീണ്ടും രംഗത്തെത്തിയിരുന്നു. താൻ നേരത്തെ പറഞ്ഞ ഓരോ വാക്കും ശരിയാണെന്നു വിവരാവകാശ രേഖ തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈ വിഷയം മാധ്യമങ്ങൾ ഉന്നയിച്ചപ്പോൾ വ്ളോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശത്തിലാണെന്നും അവർ പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തി നടത്തിയിരുന്ന വ്യക്തിയാണ് എന്ന് അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. രാജ്യദ്രോഹം ചെയ്തയാളെ ബോധപൂർവം സർക്കാർ പരിപാടിക്ക് വിളിക്കുമെന്ന് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
കൂടാതെ ഒരു പടി മുന്നിലേക്കു കടന്നു കേരളം തീവ്രവാദികൾക്ക് സുരക്ഷിത ഇടമാണെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. ചാരവൃത്തി നടത്തുന്നവരെ ചുവപ്പു പരവതാനിയിട്ട് വരവേൽക്കുന്ന ഇടതുസർക്കാരിന് ഭാരതാംബയുടെ ചിത്രം അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു ബിജെപി വക്താവ് ഷഹ്‌സാദ് പൂനെവാലയുടെ കുറ്റപ്പെടുത്തൽ. ജ്യോതി മൽഹോത്രയെ കേരള സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചത് രാഷ്ട്രീയ ആയുധമാക്കി ദേശീയ തലത്തിലടക്കം ചർച്ചയാക്കി കേരള സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി. അതിനിടയിലാണ് വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങിൽ അവർ പങ്കെടുത്ത വീഡിയോ പുറത്തുവരുന്നത്. ഇതോടുകൂടി ഇടതിനൊപ്പം ബിജെപിയും അക്ഷരാർഥത്തിൽ പെട്ടിരിക്കുകയാണ്.