കൊല്ലങ്കോട്: കാലുകൾ ചങ്ങലയിട്ട് പൂട്ടിയനിലയിൽ സ്ത്രീയെ റോഡരികിൽ കണ്ടെത്തി. അഗ്നിരക്ഷാസേനയും പോലീസുംചേർന്ന് ചങ്ങല മുറിച്ചുമാറ്റി ഇവരെ സ്വതന്ത്രയാക്കി. വീട്ടിൽനിന്ന് പുറത്തുപോകാതിരിക്കാനായി താനാണ് ഇവരെ പൂട്ടിയിട്ടതെന്ന് ഭർത്താവ് പോലീസിന് മൊഴിനൽകി. ഭാര്യയുടെ അമിത മദ്യപാനത്തെച്ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലങ്കോട് ടൗണിന് അടുത്തുള്ള ആനമാറി റോഡരികിലാണ് കാലുകൾ കെട്ടിയിട്ട നിലയിൽ തമിഴ്നാട് നാമക്കൽ സ്വദേശിനിയായ 55-കാരിയെ നാട്ടുകാർ കണ്ടത്. കൊല്ലങ്കോട് അഗ്നിരക്ഷാസേനാംഗങ്ങൾ ഏറെനേരം ശ്രമിച്ച് ചങ്ങലയും പൂട്ടുകളും കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി സ്ത്രീയെ മോചിപ്പിച്ചു. തുടർന്ന്, ഇവരെ കൊല്ലങ്കോട് പോലീസിന് കൈമാറി.
ഊട്ടറയിൽ ഷെഡ്ഡ് കെട്ടിയാണ് ഇവർ താമസിക്കുന്നത്. മദ്യപിച്ചുകഴിഞ്ഞാൽ ഇവർ പരിസരവാസികൾക്ക് ശല്യമുണ്ടാക്കുന്നതായും ഇതുമൂലം തനിക്ക് പണിക്കുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നുമാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. മദ്യപിച്ചാൽ ഇവർ വിവസ്ത്രയായി പുറത്തേക്കിറങ്ങുമെന്നും ഇയാൾ പറയുന്നു. സഹികെട്ടാണ് താൻ പണിക്കുപോകുമ്പോൾ ഭാര്യയുടെ കാലുകൾ പൂട്ടിയിട്ടതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. പൂട്ടിയിട്ട കാലുമായി റോഡരികിലെത്തിയ സ്ത്രീ ഒരു സ്കൂട്ടർ യാത്രക്കാരന്റെ സഹായത്തോടെ ആനമാറിറോഡിലെ ഒരു വർക്‌ഷോപ്പിനുമുൻപിൽ എത്തുകയായിരുന്നത്രേ.
പ്രശ്നത്തെക്കുറിച്ച് ദമ്പതിമാരുമായി ചർച്ചനടത്തിയെന്നും ഭാവിയിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകില്ലെന്ന ഉറപ്പിൽ കേസെടുക്കാതെ ഇരുവരെയും വിട്ടയച്ചെന്നും പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ശ്രിജിൽ പറഞ്ഞു.


















































