ചെന്നൈ: ബിജെപിയുമായി ഒരിക്കലും ടിവികെ സഖ്യം ഉണ്ടാക്കാനില്ലെന്നും ഡിഎംകെയും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും നടനും ടിവികെ നേതാവുമായ വിജയ്. ഡിഎംകെയ്ക്ക് വോട്ട് ചെയ്താൽ ബിജെപിയ്ക്ക് വോട്ട് ചെയ്തതിന് സമാനമാണെന്നും 2026-ലെ മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും വിജയ് പറഞ്ഞു. ബിജെപി തമിഴ്നാടിന് എന്തുചെയ്‌തെന്ന് വിജയ് ചോദിച്ചു. നീറ്റ് ഒഴിവാക്കിയോ? തമിഴ്നാടിന് അർഹമായ ഫണ്ടുകൾ തരുന്നുണ്ടോയെന്നും വിജയ് ചോദിച്ചു. ഡിഎംകെ ജനങ്ങളെ പറ്റിക്കുകയാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും വിജയ് മുന്നറിയിപ്പ് നൽകി. നാമക്കലിൽ നടന്ന പര്യടനത്തിനിടെയായിരുന്നു വിജയ്യുടെ പരാമർശം.
കഴിഞ്ഞയാഴ്ച വിജയ്യെ ലക്ഷ്യമിട്ട് വലിയ വിമർശനം ഡിഎംക യുടെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയിരുന്നു. താൻ ആഴ്ച്ചയിൽ ഒരുദിവസം മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളല്ലെന്നും മിക്ക ദിവസങ്ങളിലും ജനങ്ങൾക്കൊപ്പമായിരിക്കുമെന്നും ഇന്ന് എന്ത് ആഴ്ച്ചയാണ് എന്നുപോലും തനിക്കറിയില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. വിജയ് ശനിയാഴ്ച മാത്രം നടത്തുന്ന ജില്ലാ പര്യടന പരിപാടിയെ പരിഹസിച്ചായിരുന്നു ഉദയനിധിയുടെ പരാമർശം.
പല ജില്ലകളിലും പോകുമ്പോൾ അവിടെ നിവേദനങ്ങളുമായി ആളുകൾ നിൽക്കുന്നുണ്ടാകും. യുവജനവിഭാഗം നേതാവായിരുന്നപ്പോൾ കുറച്ച് നിവേദനങ്ങൾ ലഭിച്ചിരുന്നു. എംഎൽഎ ആയപ്പോൾ അത് അധികമായി. മന്ത്രിയായപ്പോൾ നിവേദനങ്ങളുടെ എണ്ണം വീണ്ടും വർധിച്ചു. ഉപമുഖ്യമന്ത്രി ആയപ്പോൾ ലഭിക്കുന്ന നിവേദനങ്ങൾ വയ്ക്കാൻ വണ്ടിയിൽ സ്ഥലമില്ലാത്ത അവസ്ഥയായി. എങ്കിലും ഞാൻ വണ്ടിനിർത്തി എന്നെക്കാണാൻ വരുന്ന അമ്മപെങ്ങന്മാരോട് സംസാരിക്കുമെന്നും ഉദയനിധി പറഞ്ഞു.