വാഷിങ്ടൺ: ഗർഭിണികൾ പാരസീറ്റമോൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളിലോകാരോഗ്യസംഘടന (WHO). ഗർഭിണിയായ സ്ത്രീകൾ പാരസീറ്റമോൾ കഴിക്കുന്നതും ഓട്ടിസവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇക്കാര്യത്തിൽ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ ട്രംപിന്റെ വാദം അംഗീകരിക്കാനാവില്ല, ലോകാരോഗ്യ സംഘടനയുടെ വക്താവ് വ്യക്തമാക്കി.
അതുപോലെ രാജ്യത്ത് വർധിച്ചുവരുന്ന ഓട്ടിസം നിരക്കുമായി ബന്ധമുണ്ടാകാമെന്ന് ആരോപിച്ച് ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ ടൈലനോൾ എന്നറിയപ്പെടുന്ന അസറ്റാമിനോഫെൻ ഒഴിവാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. വാക്സിനുകളെക്കുറിച്ചുള്ള ഇതേ ആശങ്ക അദ്ദേഹം ഉന്നയിച്ചു. അവ ഓട്ടിസത്തിന് കാരണമാകുന്നുവെന്നും കുട്ടികൾക്ക് വാക്സിൻ നൽകാൻ 12 വയസു വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ വാദവും തള്ളപ്പെട്ടു. വാക്സിനുകൾ ഓട്ടിസത്തിന് കാരണമാകുന്നില്ലെന്ന് നമുക്കറിയാം. അവ എണ്ണമറ്റ ജീവനുകൾ രക്ഷിക്കുന്നു. ഇത് ശാസ്ത്രം തെളിയിച്ച കാര്യമാണ്. ഇത്തരം കാര്യങ്ങൾ യഥാർഥത്തിൽ ചോദ്യം ചെയ്യപ്പെടാൻ പാടില്ല, ലോകാരോഗ്യ സംഘടന വക്താവ് കൂട്ടിച്ചേർത്തു. ഗർഭകാലത്ത് പാരസീറ്റമോൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിലവിലെ ശുപാർശകളിൽ മാറ്റം വരുത്തേണ്ട തരത്തിലുള്ള പുതിയ തെളിവുകളൊന്നും ലഭ്യമല്ലെന്നു യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും വ്യക്തമാക്കി.