വാഷിങ്‌ടൻ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം വെടിയേറ്റ നാഷനൽ ഗാർഡ് അംഗം സാറാ ബെക്ക്സ്ട്രോം (20) ചികിത്സയിലിരിക്കെ മരിച്ചു. വെടിയേറ്റ മറ്റൊരു നാഷനൽ ഗാർഡ് അംഗമായ ആൻഡ്രൂ വൂൾഫ് (24) ചികിത്സയിലാണെന്നും യുസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
അതേസമയം സൈനികർക്കു നേരെ വെടിവച്ച റഹ്മാനുല്ല ലഖൻവാൾ (29) അഫ്ഗാൻ യുദ്ധകാലത്ത് യുഎസ് സൈന്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്‌തിയാണെന്ന് യുഎസ് ഇൻറലിജൻസ് ഏജൻസിയായ സിഐഎ സ്ഥിരീകരിച്ചു. റഹ്മാനുല്ലയുടെ യുഎസ് സൈനിക ബന്ധം സിഐഎ ഡയറക്‌ടർ ജോൺ റാറ്റ്ക്ലിഫാണ് സ്‌ഥിരീകരിച്ചത്. റഹ്മാനുല്ല യുഎസ് സൈന്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്‌തിയാണെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും സ്ഥിരീകരിച്ചു.
അഫ്ഗാനിസ്‌ഥാനിൽ താലിബാനെതിരായ യുഎസിന്റെ പോരാട്ടത്തിൽ യുഎസ് സൈന്യത്തെ സഹായിച്ച സ്വദേശികൾക്കു ബൈഡൻ ഭരണകൂടം നന്ദിസൂചകമായി കുടിയേറ്റ അവസരം നൽകിയിരുന്നു. ഈ പദ്ധതിയിലൂടെ 2021 ലാണ് റഹ്മാനുല്ല ലഖൻവാൾ യുഎസിലെത്തിയത്.
‘‘ താലിബാന്റെ ശക്‌തികേന്ദ്രമായ തെക്കൻ കാണ്ഡഹാർ പ്രവിശ്യയിലെ സിഐഎയുടെ പിന്തുണയുള്ള ഒരു യുണിറ്റ് ഉൾപ്പെടെ അഫ്ഗാനിസ്‌ഥാനിലെ നിരവധി യുഎസ് സർക്കാർ ഏജൻസികൾക്കായാണ് റഹ്മാനുല്ല പ്രവർത്തിച്ചത്. കാണ്ഡഹാറിലെ ഒരു പങ്കാളിത്ത സേനയിലെ അംഗമെന്ന നിലയിലായിരുന്നു റഹ്മാനുല്ലക്ക് ഏജൻസിയുമായുള്ള ബന്ധം. സംഘർഷഭരിതമായ ഒഴിപ്പിക്കലിനു തൊട്ടുപിന്നാലെ ഇത് അവസാനിക്കുകയും ചെയ്തു.’’ – ജോൺ റാറ്റ്ക്ലിഫ് പറഞ്ഞു. വെടിവയ്പിനു പിന്നാലെ മറ്റു സൈനികർ കീഴടക്കിയ റഹ്മാനുല്ല പരുക്കുകളോടെ കസ്റ്റഡിയിലാണ്. ആക്രമണത്തെപ്പറ്റി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഫ്ബിഐ) അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 2.15ന് (ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 1) വൈറ്റ് ഹൗസിനു സമീപത്തെ മെട്രോ സ്റ്റേഷൻ പരിസരത്തു റോന്തു ചുറ്റുകയായിരുന്ന സൈനികർക്കു നേരെയാണ് റഹ്മാനുല്ല വെടിയുതിർത്തത്. പട്രോളിങ് ജോലിയിലേക്ക് ഇരുവരെയും നിയോഗിച്ച് 24 മണിക്കൂറിനുള്ളിലാണ് വെടിയേറ്റതെന്നും റിപ്പോർട്ടുകളുണ്ട്.


















































