കോഴിക്കോട്: സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തില്‍ വിമര്‍ശനവുമായി എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ്. കേന്ദ്രസര്‍ക്കാരിന്റെയും ഐക്യരാഷ്ട്രസഭയുടെയും മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് നജാഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇഎംഎസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെ കേരളം ഭരിച്ചവരുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഒറ്റവെട്ടിന് സഖാവ് പിണറായി ദരിദ്ര്യം മാറ്റിയെന്ന് വിശ്വസിക്കുന്നവരുടെ പേരാണ് സഖാക്കള്‍ എന്നും നജാഫ് പറഞ്ഞു.
കേരളപ്പിറവി ദിനമായ ഇന്നലെയായിരുന്നു കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരമായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി പ്രഖ്യാപനം നടത്താന്‍ നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പിആര്‍ ആണെന്നായിരുന്നു സതീശന്‍ പറഞ്ഞത്. അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേന്ദ്രം പ്രഖ്യാപിക്കുന്ന പദ്ധതിയില്‍ നിന്നും കേരളം പുറത്താകാന്‍ ഇടയാക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

















































