വയനാട്: വയനാട് കമ്പമലയിലെ വനം കത്തിയതല്ല, കത്തിച്ചതാണെന്ന് സ്ഥീരീകരണം. വനത്തിന് തീയിട്ട പഞ്ചാരക്കൊല്ലി സ്വദേശി സുധീഷിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. തീപിടിത്തം സ്വാഭാവികമല്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. അതേസമയം ഇയാള്‍ എന്തിനാണിത് ചെയ്തതെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
തീപിടിത്തം ഉണ്ടായതിന് പിന്നാലെ സംശയം തോന്നിയ വനം വകുപ്പ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. സംശയം തോന്നുന്ന സാഹചര്യത്തിൽ ഇയാളെ വനത്തിൽ കണ്ടതിന് ശേഷം നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്നലെ വനത്തിൽ വീണ്ടും തീ പടർന്ന സാഹചര്യത്തിൽ ഉൾകാട്ടിൽ വനംവകുപ്പ് തെരച്ചിൽ നടത്തുകയും വനത്തിനുള്ളിൽ വച്ച് തന്നെ ഇയാളെ പിടികൂടുകയുമായിരുന്നു.

















































