ന്യൂഡൽഹി: മണിക്കൂറുകൾ മുൻപുവരെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം രാജ്യസഭാ കക്ഷി നേതാവും കേന്ദമന്ത്രിയുമായ ജെ പി നദ്ദയും കിരൺ റിജിജുവുമെന്ന് റിപ്പോർട്ട്. ഉപരാഷ്ട്രപതി അധ്യക്ഷത വഹിച്ച ബിസിനസ് അഫയേഴ്‌സ് കമ്മിറ്റി യോഗത്തിൽ ഇരുവരും പങ്കെടുക്കില്ല എന്നത് മുൻകൂട്ടി അറിയിക്കാത്തതാണ് ധൻകറിന്റെ രാജിയിലേക്കു നയിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ടിൽ പറയുന്നതിങ്ങനെ- കഴിഞ്ഞ ദിവസം രണ്ട് യോഗങ്ങളാണ് ബിസിനസ് അഫയേഴ്‌സ് കമ്മിറ്റിയുടേതായി ഉണ്ടായിരുന്നത്. ഇതിൽ ആദ്യത്തെ യോഗത്തിൽ നദ്ദയും റിജിജുവും പങ്കെടുത്തിരുന്നു. ഉച്ചയ്ക്ക് ശേഷമുണ്ടായിരുന്ന രണ്ടാമത്തെ യോഗത്തിൽ എന്നാൽ ഇരുവരും പങ്കെടുത്തിരുന്നില്ലായെന്നു മാത്രമല്ല ഇരുവരും ഉപരാഷ്ട്രപതിയെ വരില്ലായെന്ന് അറിയിച്ചിരുന്നുമില്ല. തുടർന്ന് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തിനെത്തിയ കേന്ദ്രമന്ത്രി എൽ മുരുകൻ യോഗം മാറ്റിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. രാജ്യസഭാ ചെയർമാൻ എന്ന നിലയിൽ ജഗ്ദീപ് ധൻകർ വിളിച്ച യോഗമായതിനാലാണ് ഇരുവരും വരാതിരുന്നതെന്നാണ് സൂചന.
ഇന്നലെ രാത്രിയാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ മൂലമായിരുന്നു രാജി എന്നാണ് വിശദീകരണം. രാജിക്ക് മണിക്കൂറുകൾക്ക് മുൻപ് വരേയ്ക്കും ധൻകർ രാജ്യസഭാ നടപടികൾ നിയന്ത്രിച്ചിരുന്നു. 2022 ഓഗസ്റ്റ് 11 നാണ് ധൻകർ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്നത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം തികയും മുൻപാണ് രാജിപ്രഖ്യാപനം. അതേസമയം ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ധൻകർ.