എതിരാളിൽ കൂടുതലും സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുതന്നെയായിരുന്നു വിഎസ്സിന് എന്നു തന്നെ നിശേഷം പറയാം. അതിനുത്തമ ഉദാഹരണമാണ് 2006 ലെ തിരഞ്ഞെടുപ്പിൽ വിഎസ്സിന് സീറ്റ് നിഷേധിച്ചത്. 2006ലെ നിയസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിഎസിന് സീറ്റ് നൽകില്ലായെന്നായിരുന്നു പാർട്ടിയുടെ തീരുമാനം. ഇത് പാർട്ടിയെ സ്‌നേഹിക്കുന്ന സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പാർട്ടിയുടെ നടപടിക്കെതിരെ സുകുമാർ അഴിക്കോട്, വി ആർ കൃഷ്ണയ്യർ തുടങ്ങി നിരവധി പ്രമുഖർ രംഗത്തെത്തി. ജനപ്രീതിയുള്ള ഒരു നേതാവിനെ തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിച്ചുനിർത്തുന്നത് നീതിപൂർവമല്ലെന്നായിരുന്നു അവരുടെ വാദം. കൂടാതെ
കേരളത്തിലങ്ങോളമിങ്ങളോം പ്രവർത്തകർ ചെങ്കൊടിയേന്തി പ്രതിഷേധ പ്രകടനങ്ങൾ നടത്തി. മലയാളിയുള്ളിടത്തെല്ലാം ജനനേതാവിനായി ശബ്ദമുയർന്നു. ഒടുവിൽ പാർട്ടി കേന്ദ്രനേതൃത്വത്തിന് കാര്യം ബോധ്യപ്പെട്ടതോടെ വിഎസിനെ മത്സരിപ്പിക്കാൻ തീരുമാനമായി.
അങ്ങനെ 82ാം വയസിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. കൃത്യം പറഞ്ഞാൽ 2006 മെയ് 18. അന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം കേരളം അതുവരെ കാണാത്ത തരത്തിലുള്ള സത്യപ്രതിജ്ഞ ചടങ്ങിനാണ് സാക്ഷ്യം വഹിച്ചത്. ജനകീയാഭിലാഷം സഫലമായ ചരിത്രമുഹൂർത്തം. അക്ഷരാർഥത്തിൽ ഒരു ജനകീയോത്സവം. അതായിരുന്നു വിഎസിന്റെ സത്യാപ്രതിജ്ഞാ ചടങ്ങ്.
ചരിത്രം പരിശോധിച്ചാൽ സാധാരണ നിലയിൽ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവന്റെ മുറ്റത്താണ് നടക്കുക. ആദ്യമായിട്ടായിരുന്നു സത്യപ്രതിജ്ഞ പൊതുസ്ഥലത്തേക്ക് മാറ്റുന്നത്. പൗരസമൂഹത്തിന്റെ നിർബന്ധം മാനിച്ചായിരുന്നു ആ തീരുമാനം. ജനസഹസ്രങ്ങളാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നിരവധി പ്രമുഖരുടെ സാന്നിധ്യംകൊണ്ടും ഏറെ ശ്രദ്ധനേടിയിരുന്നു ആ വേദി.
2001-06 കാലത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളാണ് വിഎസ് എന്ന ജനകീയ നേതാവിനെ ജനങ്ങൾ മുഖ്യമന്ത്രി കസേരയിലേക്ക് കൈപിടിച്ചുകയറ്റിയത്. എല്ലായിടത്തും ഓടിയെത്തി പൊതുപ്രശ്‌നങ്ങൾ ഏറ്റെടുത്തു. നിയമസഭയ്ക്കകത്ത് ജനങ്ങളെ അലട്ടുന്ന പ്രയാസങ്ങൾ ഒന്നൊന്നായി ഉന്നയിച്ച് അടിയന്തരപ്രമേയങ്ങൾ, ഒട്ടേറെ പ്രശ്‌നങ്ങളിൽ നീതിക്കുവേണ്ടി കോടതിയും കയറി. ഓൺലൈൻ ചൂതാട്ടം, അന്യസം സ്ഥാന ലോട്ടറി മാഫിയക്ക് നിയന്ത്രണം, പശ്ചിമഘട്ട സംരക്ഷണ നടപടി,ക്വാറികൾക്ക് ലൈസൻസ് കർശനമാക്കി തുടങ്ങി നിരവധി പോരാട്ടങ്ങൾ നടത്തി. എങ്കിലും വിഎസ് പാർട്ടി നേതാക്കൾക്ക് അനഭിമതനായിരുന്നു.
അങ്ങനെ 2006 മാർച്ച് അവസാന ആഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടിയിരുന്നത്. അതുവരെ വിഎസ്സിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചുമില്ല. ഒടുവിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത് മാർച്ച് 24നും. കേന്ദ്ര കമ്മിറ്റി വിഎസിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ മാർച്ച് 21 ന് തന്നെ തീരുമാനം അറിയിച്ചെങ്കിലും ‘എനിക്കൊരു കണ്ടീഷനുണ്ട്. സ്റ്റേറ്റ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കണം, ഭൂരിപക്ഷ അടിസ്ഥാനത്തിൽ പറ്റില്ല’ വിഎസ് അറിയിച്ചു. മാർച്ച് 24ന് സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നു. ആറ് പിബി അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് പാർട്ടിയുടെ ആ അംഗീകാരമെത്തിയത്. അങ്ങനെ അമ്പലപ്പുഴയിൽ നിന്ന് 20,017 ഭൂരിപക്ഷത്തിന് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലെത്തി.