ന്യൂഡൽഹി: ഏറെ വിവാദം സൃഷ്ടിച്ച വിസ്മയ കേസിൽ പ്രതി അരുൺ കുമാറിന് ജാമ്യം. ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതി കിരൺ കുമാറിൻറെ ഹർജി സുപ്രീംകോടതി അംഗീകരിച്ചു. അതേസമയം ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെയാണ് ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. ഇതോടെ കിരൺ കുമാറിന് ജാമ്യം ലഭിക്കും. കിരൺ കുമാറിനായി അഭിഭാഷകൻ ദീപക് പ്രകാശാണ് സുപ്രീംകോടതിയിൽ ഹാജരായത്.
2021ൽ സ്ത്രീധനപീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിനെ പത്തുവർഷത്തെ തടവിനാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിന്നീട് ഈ വിധിക്കെതിരെ പ്രതി കിരൺ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം ഇതേ ആവിശ്യവുമായി പ്രതി കിരൺ ഹൈക്കോടതിയേയും സമീപിച്ചിരുന്നു. എന്നാൽ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നാണ് പ്രതിയുടെ വാദം. മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നൽകാൻ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം.
അതേസമയം ഭർതൃ പീഡനത്തെ തുടർന്ന് 2021 ജൂൺ 21ന് വിസ്മയയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നായിരുന്നു കിരണിനെതിരായ കേസ്.
വിവാഹ സമയത്തു സ്ത്രീധനമായി 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും നൽകിയാണു വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്. മോട്ടോർ വാഹനവകുപ്പിൽ എഎംവിഐ ആയിരുന്ന കിരൺകുമാറിനെ കേസിൽ അറസ്റ്റിലായതിന് പിന്നാലെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.