തിരുവനന്തപുരം: തന്റെ ഭാര്യയ്‌ക്കും മകനും ഇത്രയും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന്, വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം. തനിക്ക് വിദേശത്ത് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ 4 മാസമായി അവിടെ ഒളിവിലായിരുന്നെന്നും റഹീം പോലീസിനു മൊഴി നൽകി. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അതിനാൽ
അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും അറിയില്ല. തന്റെ സാമ്പത്തിക ബുദ്ധിമുട്ട് മകനെ അറിയിച്ചിരുന്നില്ലയെന്നുമാണു റഹീമിന്റെ മൊഴി.
അതേ സമയം സാമ്പത്തിക ബാധ്യത തീർക്കാൻ ഷെമീന ചിട്ടി നടത്തിയെങ്കിലും അതും പൊളിഞ്ഞ് പണം നഷ്ടമായെന്നുമാണ് പോലീസിനു ലഭിക്കുന്ന വിവരം. സാമ്പത്തിക ഞെരുക്കം പരിഹരിക്കാനാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദയും ഷെമീനയുടെയടുത്ത് ചിട്ടിക്കു ചേർന്നിരുന്നു. അങ്ങനെയിരിക്കെ ചിട്ടി കിട്ടിയെങ്കിലു പണം നൽകിയിരുന്നില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായി.
അഫാൻ തന്നോട് മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞു. ലത്തീഫിന്റെ ഭാര്യ ഷാഹിദയെ ലക്ഷ്യമിട്ടിരുന്നില്ലെന്ന് അഫാൻ നേരത്തേ പോലീസിനു മൊഴി നൽകിയിരുന്നു. തലയ്ക്കടിയേറ്റ് ലത്തീഫ് നിലത്തു വീണപ്പോൾ അടുക്കളയിൽനിന്ന് ഓടിവന്ന ഷാഹിദ നിലവിളിക്കാൻ ശ്രമിച്ചപ്പോഴാണ് തലയ്ക്കടിച്ച് വീഴ്ത്തിയതെന്നും അഫാൻ പോലീസിനു മൊഴി നൽകിയിരുന്നു. അതേസമയം അഫാനെതിരെ അമ്മ ഷെമീന ഇതുവരെയും മൊഴി നൽകിയിട്ടില്ല. കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരുക്ക് പറ്റിയതെന്നാണ് മജിസ്ട്രേറ്റിനു നൽകിയ മൊഴിയിൽ അമ്മ ആവർത്തിച്ചത്. 45 മിനിറ്റാണ് ആശുപത്രിയിൽ വച്ച് മൊഴി രേഖപ്പെടുത്തിയത്. ഇതേകാര്യം തന്നെയാണ് ഇവർ ഭർത്താവിനോടും പറഞ്ഞത്.