തൃശൂർ: ഫ്ലാഗ് ഓഫ് ചെയ്‌തതിന് തൊട്ടുപിന്നാലെ നിയന്ത്രണം വിട്ട വാഹനം നേരെ പുഴയിലേക്ക് പതിച്ചു. വടക്കാഞ്ചേരി നഗരസഭ ഹരിതകർമ്മ സേനയുടെ നവകാന്തി കൈമാറ്റക്കടയുടെ ഉദ്‌ഘാടന ചടങ്ങിനിടെ ഫ്ലാഗ് ഓഫ് ചെയ്‌ത വാഹനമാണ് പുഴയിലേക്കു പതിച്ചത്. ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അരവിന്ദാക്ഷനും ഡ്രൈവർ ബിന്ദുവും അത്ഭുതകരമായി രക്ഷപ്പെട്ടു.
തിങ്കളാഴ്‌ചയാണ് വടക്കാഞ്ചേരി നഗരസഭയിൽ ഫ്ലാഗ് ഓഫ് ചെയ്‌ത വാഹനം അപകടത്തിൽപ്പെട്ടത്. 25 ലക്ഷം രൂപയുടെ നിർമാണയൂണിറ്റിനായി ഓടേണ്ടിയിരുന്ന ഇലക്ട്രിക് വാഹനമാണ് അപകടത്തിൽപ്പെട്ടത്. നഗരസഭയിൽ ഖരമാലിന്യ പരിപാലന പദ്ധതിയുടെ പിന്തുണയോടെ ഹരിതകർമസേന ആരംഭിക്കുന്ന പുതിയ സംരംഭമാണ് നവകാന്തി തുണിസഞ്ചിനിർമാണ യൂണിറ്റ്. ഇതിൽ പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികൾ കൈമാറ്റം ചെയ്യുന്ന നഗരസഭയുടെ കടയുടെ ആവശ്യങ്ങൾക്കായി വാങ്ങിയതായിരുന്നു വാഹനം. തിങ്കളാഴ്‌ച ഉച്ചയോടെയാണ് വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്‌സൺ പിഎൻ സുരേന്ദ്രൻ വണ്ടി ഫ്ലാഗ് ഓഫ് ചെയ്‌തത്. ശേഷം വാഹനം മുന്നോട്ടു എടുത്തപ്പോൾ നിയന്ത്രണം നഷ്‌ടപ്പെട്ട് പുഴയിലേക്ക് പതിക്കുകയായിരുന്നു.
ആ സമയം വാഹനത്തിൽ കുടുങ്ങിപ്പോയ അരവിന്ദാക്ഷനും ഡ്രൈവർ ബിന്ദുവും മുങ്ങിപ്പോയിരുന്നു. തുടർന്ന് അരവിന്ദാക്ഷൻ വാഹനം തുറന്ന് ആദ്യം പുറത്തുവരികയായിരുന്നു. പിന്നാലെ ബിന്ദുവും പുറത്തെത്തി. ഇതിനിടെ കരയിൽ ഉണ്ടായിരുന്ന നഗരസഭാ ജീവനക്കാർ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. വാഹനം ക്രെയിൻ ഉപയോഗിച്ച് പിന്നീട് കരയ്ക്ക് എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കായി അരവിന്ദാക്ഷനെയും ബിന്ദുവിനെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു.
സമീപമുള്ള ചിറ അടച്ചിരുന്നതിനാൽ വടക്കാഞ്ചേരി പുഴയിൽ ജല നിരപ്പ് ഉയർന്നിരുന്നു. ചില്ലുകൾ താഴ്‌ന്നിരുന്നതിനാലാണ് ഇരുവർക്കും വാതിൽ തുറന്ന് പുറത്തു കടക്കാനായത്.
			



































                                






							






