പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് ഭർത്താവ് ജോർജ് ജോസഫ് സി.പി.എമ്മിനെ സമീപിച്ചു. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ചചെയ്തു. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാനനേതൃത്വത്തിലേക്ക് റിപ്പോർട്ട് ചെയ്തു.
വീണാ ജോർജ് സംസ്ഥാനകമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനനേതൃത്വമാണ്. കുടുംബപരമായ കാര്യങ്ങളുണ്ടെന്നാണ് ജോർജ് സി.പി.എം. നേതാക്കളെ അറിയിച്ചിട്ടുള്ളത്. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോർജ് ഫോണിലൂടെയും ചിലരോട് നേരിട്ടും വാക്കാൽ ആവശ്യപ്പെട്ടത്.
ഏരിയാതലത്തിലുള്ളവർ ജില്ലാതലത്തിലേക്കും ജില്ലാതലത്തിൽനിന്ന് സംസ്ഥാനതലത്തിലേക്കും വിവരം കൈമാറി. വീണാ ജോർജിനോടും ഭർത്താവിനോടും ചോദിച്ച് നിജസ്ഥിതി അറിയാനുള്ള നീക്കം സംസ്ഥാന നേതൃത്വത്തിൽനിന്നുണ്ടാകും. ആറന്മുളയിലെ സിറ്റിങ് എം.എൽ.എ.യായ വീണാ ജോർജിനെ അവിടെ വീണ്ടും മത്സരിപ്പിക്കാനാണ് സി.പി.എം. സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം. ജില്ലാക്കമ്മിറ്റി വീണയുടെ പേരുമാത്രമേ ശുപാർശചെയ്തിട്ടുള്ളൂ.
2016-ൽ പുതുമുഖ സ്ഥാനാർഥിയായിട്ടാണ്, മാധ്യമപ്രവർത്തകയായിരുന്ന വീണ സി.പി.എം. ചിഹ്നത്തിൽ ആറൻമുളയിൽ മത്സരിച്ചത്. 2021-ലും ജയം ആവർത്തിച്ചു. 2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും ജയിച്ചില്ല.

















































