തിരുവനന്തപുരം: റാപ്പർ വേടനെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്ത പുലിപ്പല്ല് കേസിൽ ചട്ടലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടി റേഞ്ച് ഓഫീസർക്കെതിരെ വകുപ്പ് തല നടപടി. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ രൂക്ഷമായ ലംഘനം കണക്കിലെടുത്താണ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയത്. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ ഉത്തരവിൽ കോടനാട് റേഞ്ച് ഓഫീസർ അധീഷീനെ മലയാറ്റൂർ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാനാണ് നിർദ്ദേശം.
മാധ്യമങ്ങൾക്ക് മുൻപിൽ സ്ഥിരീകരിക്കാത്ത പ്രസ്താവനകൾ അന്വേഷണ മധ്യേ വെളിപ്പെടുത്തിയ സംഭവത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. റാപ്പർ വേടന്റെ അമ്മ ശ്രീലങ്കൻ വംശജയാണെന്നും അതുകൊണ്ട് കേസിന് ശ്രീലങ്കൻ ബന്ധമുണ്ടെന്നും തുടങ്ങി മാധ്യമങ്ങൾക്കു മുൻപിൽ നടത്തിയെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വനം മേധാവിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് തുടർ നടപടികൾ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു. കേസിൽ തുടക്കത്തിൽതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണ രീതിയിൽ മന്ത്രി ആദ്യം മുതൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വേടന് സിപിഎമ്മും സിപിഐയും ഉൾപ്പെടെ പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാർ നടപടിയെടുക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ വേടൻ പങ്കെടുത്തിരുന്നു. വൻ സുരക്ഷ ക്രമീകരണങ്ങളോടെ സംഘടിപ്പിച്ച പരിപാടിയിൽ ആരവങ്ങളോടെയും ആർപ്പുവിളികളോടെയുമാണ് വേടനെ കാണികൾ വരവേറ്റത്. ഇടുക്കി വാഴത്തോപ്പിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വേടൻ പങ്കെടുത്തത്. നേരത്തെ സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയിൽ വേടനെയും ഉൾപ്പെടുത്തിയിരുന്നെങ്കിലും ലഹരി കേസിൽ ഉൾപ്പെട്ടതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. തുടർന്ന് വേടന് സിപിഎമ്മും സിപിഐയും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ വാർഷികാഘോഷ പരിപാടിയിൽ വേടന് വേദിയൊരുങ്ങിയത്.
അതേസമയം തന്റെ ചില കാര്യങ്ങൾ അനുകരിക്കരുതെന്നും തന്നെ ഉപദേശിക്കാൻ ആരുമില്ലായിരുന്നുവെന്നും ആരാധകരോടായി വേടൻ പറഞ്ഞു. തന്റെ നല്ല ശീലങ്ങൾ കണ്ട് പഠിക്കുകയാണ് വേണ്ടത്. താൻ നിങ്ങളുടെ മുന്നിലാണ് നിൽക്കുന്നത്. തന്നെ കേൾക്കുന്ന നിങ്ങൾക്ക് നന്ദിയെന്നും വേടൻ ആരാധകരോടായി പറഞ്ഞു.