കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ഡാഷ് മോനെ’ പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്ക് മൊത്തത്തിൽ സമനില തെറ്റിയിരിക്കുകയാണെന്നും ഒന്നുകൂടി സമനില തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെയെന്നും വി.ഡി. സതീശൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ അത് കേരളത്തിന് വലിയ നാണക്കേടാകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”മുഖ്യമന്ത്രി അത്രയേ പറഞ്ഞുള്ളൂ എന്നത് ഭാഗ്യം. ഡാഷ് മോനെ എന്നേ പറഞ്ഞുള്ളൂ. ഡാഷ് മോനെ എന്നുപറഞ്ഞാൽ എന്താണ് അർഥം.
മുഖ്യമന്ത്രിക്ക് മൊത്തത്തിൽ സമനില തെറ്റിയിരിക്കുകയാണ്. ഒന്നുകൂടി സമനില തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ… എന്റെ ദൈവമേ, കേരളത്തിന് എന്തൊരു നാണക്കേടായേനെ, കേരളം അപമാനത്തോടെ തലകുനിച്ച് നിൽക്കേണ്ടിവന്നേനെ”, വി.ഡി. സതീശൻ പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾക്ക് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ‘ഡാഷ് മോനെ’ പരാമർശം നടത്തിയത്.
ചൊവ്വാഴ്ച കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംഭവം.’ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ രേവന്ത് റെഡ്ഡി ‘നീ പോ മോനെ വിജയാ’ എന്ന് വിളിച്ചിരുന്നു.

















































