തിരുവനന്തപുരം: ദേശീയപാത വികസനം പൂർത്തിയാകുന്നതിന് മുൻപേ നടത്തുന്ന ഉദ്ഘാടന മാമാങ്കങ്ങൾ വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പാതയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
പലയിടങ്ങളിലും നിർമ്മാണത്തിലെ അപാകതകൾ മൂലം അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്നും പണി തീരാത്ത റോഡുകൾ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഔദ്യോഗിക പരിപാടികളിൽ നിന്ന് സംസ്ഥാനത്തെ മന്ത്രിമാരെ ഒഴിവാക്കുന്ന കേന്ദ്ര സർക്കാർ നടപടിയെയും സതീശൻ രൂക്ഷമായി വിമർശിച്ചു. ഇത്തരം പരിപാടികൾ ആരുടെയും വീട്ടിലെ സ്വകാര്യ ചടങ്ങുകളല്ലെന്നും പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഇവ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് തന്നെ സംസ്ഥാന മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട പൊതുമരാമത്ത് മന്ത്രിയെയും ഇത്തരം ചടങ്ങുകളിൽ ക്ഷണിക്കേണ്ടത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണെന്നും അത് ചെയ്യാതിരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വിമർശിച്ചു. പാലത്തിന്റെ പില്ലറുകൾ ഇടുമ്പോഴും റോഡിന്റെ ഓരോ കിലോമീറ്റർ കഴിയുമ്പോഴും ഉദ്ഘാടനം നടത്തുന്ന രീതി ജനപ്രതിനിധികളെ പരിഹാസ കഥാപാത്രങ്ങളാക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
ലോകചരിത്രത്തിൽ ആദ്യമായാണ് പാറ പൊട്ടിക്കുന്നതിന് പോലും ഒരു ഭരണാധികാരി ഉദ്ഘാടനം നിർവ്വഹിക്കുന്നതെന്ന് മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് അദ്ദേഹം പറഞ്ഞു. ഒരു കെട്ടിടത്തിന്റെ തറ കെട്ടുമ്പോഴും ഭിത്തി പണിയുമ്പോഴും വെവ്വേറെ ഉദ്ഘാടനം നടത്തുന്നതിന് തുല്യമാണ് ഇപ്പോഴത്തെ ഈ പ്രവണതയെന്ന് അദ്ദേഹം പരിഹസിച്ചു.
















































