തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരാതി നൽകില്ലെന്ന് മന്ത്രിയുടെ ഭാര്യ പറഞ്ഞത് അവരുടെ വ്യക്തിപരമായ കാര്യം, പക്ഷെ ഒരു കുറ്റകൃത്യം അവിടെ നടന്നിട്ടുണ്ട്. അത് ഒത്തുതീർപ്പാക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിലൂടെ തുറന്നുകാണിക്കപ്പെട്ടത് കേരളത്തിലെ മുഖ്യമന്ത്രിയുടെ നിലപാടാണെന്നും ഗതാഗതമന്ത്രിയെ കുറിച്ച് എല്ലാവർക്കും അറിയാമെന്നും വി.ഡി. സതീശൻ പറഞ്ഞു.
‘ഈ സംഭവം നടന്നിട്ട് 24 മണിക്കൂർ കഴിഞ്ഞു. മുഖ്യമന്ത്രി മൗനം തുടരുകയാണ്. മന്ത്രിയുടെ കുടുംബ പ്രശ്‌നമായി തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കുടുംബം പ്രശ്‌നമായിരുന്നെങ്കിൽ എന്തിനാണ് പിണറായി വിജയൻ അടക്കമുള്ളവർ 2013-ൽ ഉമ്മൻചാണ്ടി സർക്കാരിൽ ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്. ആ ചോദ്യത്തിന് മറുപടി പറയണം. അന്ന് ഉമ്മൻ ചാണ്ടി രാജി ചോദിച്ചുവാങ്ങി.
എന്നാൽ ഇന്ന് അതിനേക്കാൽ ഗൗരവമുള്ള പ്രശ്നമാണ് ഉയർന്നുവന്നത്. പരാതി എഴുതി നൽകിയില്ലെന്ന് മാത്രമേയുള്ളൂ. എല്ലാ മാധ്യമങ്ങളോടും അവർ പരാതി പറഞ്ഞു കഴിഞ്ഞു. ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ഭാര്യയുടെ പ്രസ്താവനയിലൂടെ വ്യക്തമാണ്. അത്തരമൊരാൾ മന്ത്രിസഭയിൽ തുടരുന്നത് ശരിയാണോ?.
ആ ആരോപണങ്ങളിലെ ചില വരികളിൽ അപകടകരമായ ചില കാര്യങ്ങളുണ്ട്. പോലീസ് പരിശോധിക്കേണ്ട കാര്യമാണത്. ഗുരുതരമായ കുറ്റകൃത്യം അവിടെ ഉണ്ടായി. മന്ത്രിസഭയിൽ നിന്ന് ഗണേഷിനെ പുറത്താക്കണം. മുഖ്യമന്ത്രിയുടെ കപ്പ് ഉടഞ്ഞ് പോയി. ജനങ്ങളെ പരിഹസിക്കരുത്. ആ കപ്പും പിടിച്ച് നിൽക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രമായിരിക്കും ഞങ്ങളുടെ പ്രധാന പ്രചരണായുധം. ഞങ്ങൾ പ്രവർത്തിക്കുന്നതും പറയുന്നതും ഒന്നാണ്. ഇവരൊക്കെ വർത്തമാനം മാത്രമേയുള്ളൂ. കാര്യത്തോടടുത്തപ്പോൾ ഇവരുടെ നിലപാട് ഇപ്പോൾ കണ്ടല്ലോ. ഇതിലൂടെ തുറന്ന് കാട്ടപ്പെട്ടത് മുഖ്യമന്ത്രിയെ ആണ്. ഗതാഗത മന്ത്രി ആരാണെന്ന് എല്ലാവർക്കും അറിയാം. മറ്റുള്ളവരുടെ കാര്യത്തിൽ എന്തൊരു ആവേശമാണെന്നും സതീശൻ പരിഹസിച്ചു.
കേസെടുക്കാൻ പോകുന്നില്ലെന്ന് പറഞ്ഞത് വ്യക്തിപരമായ തീരുമാനം. പക്ഷേ ക്രിമിനൽ കേസ് ഒത്തുതീർപ്പാകില്ല. ഒരു ക്രൈം നടന്നു എന്നറിഞ്ഞിട്ട് പോലീസ് എന്ത് ചെയ്തു. ഈ കേസിൽ മുഖ്യമന്ത്രി പറയട്ടേ രാജിവെക്കേണ്ട ആവശ്യമില്ലെന്ന്, അപ്പോൾ ഞങ്ങൾ മറുപടി നൽകും- സതീശൻ പറഞ്ഞു.















































