തിരുവനന്തപുരം: മലയാളത്തിൻ്റെ പ്രിയ കവി വയലാർ രാമവർമ്മയുടെ 50-ാം ചരമ വാർഷികം വയലാർ ട്രസ്റ്റ്, 2025-2026 “വയലാർ വർഷമായി” ആചരിക്കുകയും ആഘോഷിക്കുവാനും ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നാടകം, ചിത്രരചന, കവിതാലാപനം, ഗാനാലാപനം നൃത്താവിഷ്‌ക്കാരം, ക്വിസ് എന്നിങ്ങനെ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ. കൂടാതെ ബിനാലയിൽ വയലാർ സെഗ്മെൻ്റ്, സെമിനാറുകൾ, സാഹിത്യ സമ്മേളനങ്ങൾ, ഡോക്യുമെൻ്ററി, ഡിജിറ്റൽ ലൈബ്രറി, സുവനീർ, കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമുകൾ തുടങ്ങി വിപുലമായ പരിപാടികളാണ് “വയലാർവർഷം” സംഘടിപ്പിക്കുന്നതെന്ന് സെക്രട്ടറി അഡ്വ. ബി. സതീശൻ അറിയിച്ചു.
ലോകമെമ്പാടുമുള്ള മലയാളികൾ 2025 ഒക്ടോബർ 27 ന് ആരംഭിച്ച് 2026 ഒക്ടോബർ 27 ന് അവസാനിക്കുന്ന വിധത്തിൽ 2025-2026 വയലാർ വർഷമായി കൊണ്ടാടണമെന്ന് വയലാർ ട്രസ്റ്റ് ആവശ്യപ്പെട്ടു. സാംസ്‌കാരിക വകുപ്പ്, ടൂറിസം, ധനകാര്യ വകുപ്പ്, ലൈബ്രറി കൗൺസിൽ, ബിനാലെ ട്രസ്റ്റ്, സാഹിത്യ അക്കാഡമി, മീഡിയാ അക്കാഡമി, പ്രസ് ക്ലബ്ബ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, ഭാരത് ഭവൻ, സർവ്വകലാശാലകൾ, പൊതുവിദ്യാഭ്യാസ സംവിധാനം, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങി മലയാള ഭാഷയെ സ്നേഹിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും വകുപ്പുകളെയും സമിതികളെയും ചേർത്തായിരിക്കും വയലാർ വർഷം 2025-2026 സംഘടിപ്പിക്കുക.
ലോക മലയാളികളെയാകെ കോർത്തിണക്കി അന്തർദേശീയ, ദേശീയ, സംസ്ഥാന തലങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന “വയലാർ വർഷം” 2025-2026 ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ കേരളത്തിനകത്തും പുറത്തുമുളള എല്ലാ കലാ-സാംസ്‌കാരിക സാഹിത്യ സംഘടനകളോടും ട്രസ്റ്റ് അഭ്യർത്ഥിക്കുന്നു. ഇതിനായി ട്രസ്റ്റിൻ്റെ വെബ് സൈറ്റായ http:/vayalarramavarmamemorialtrust.org elno [email protected] -ബന്ധപ്പെടാവുന്നതാണെന്ന് ട്രസ്റ്റ് അംഗങ്ങളായ പ്രഭാവർമ്മ, സി. ഗൗരിദാസൻ നായർ, സെക്രട്ടറി ബി. സതീശൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു