കൊച്ചി: ബെംഗളൂരു- കൊച്ചി വന്ദേഭാരതിൽ ആർഎസ്എസിന്റെ ഗണഗീതം പാടിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ഇളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ രംഗത്ത്. വിവാദം കുട്ടികളിൽ വലിയ മാനസികാഘാതം ഉണ്ടാക്കിയെന്നും ബാലാവകാശകമ്മീഷൻ കേസെടുക്കണമെന്നും പ്രിൻസിപ്പൽ കെപി ഡിന്റോ ആവശ്യപ്പെട്ടു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള വിദ്യാഭ്യാസമന്ത്രിയുടെ നടപചി കുട്ടികളുടെ മനോവീര്യം തകർക്കും. രക്ഷിതാക്കളും വിദ്യാർത്ഥികളും ഇതിൽ ഒരുപോലെ വിഷമത്തിലാണ്. ഗാനം ആലപിച്ചതിൽ മതവും രാഷ്ട്രീയവുമില്ല. ദേശീയ പരിപാടിയിൽ ദേശഭക്തിഗാനമല്ലേ ചൊല്ലേണ്ടത്. മതസൗഹാർദത്തിന്റെ അർത്ഥവത്തായ വരികളാണ് കുട്ടികൾ ആലപിച്ചത് എന്നും സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
പിന്നീട് ഗാനം ആലപിക്കുന്ന വീഡിയോ റെയിൽവെ ഔദ്യോഗിക പേജിൽ പങ്കുവെച്ചപ്പോൾ കുട്ടികൾക്ക് വലിയ സന്തോഷമായിരുന്നു. അത് പിൻവലിച്ചപ്പോൾ വിഷമം തോന്നി. കുട്ടികളുടെ പ്രയാസം റെയിൽവെയെ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. തുടർന്നാകാം പിൻവലിച്ച വീഡിയോ രണ്ടാമതും പങ്കുവെച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു.
അതേസമയം വന്ദേഭാരതിൽ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിലയിരുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല നൽകിയത്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചു. അതുപോലെ വിവിധ രാഷ്ട്രീയപാർട്ടികളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

















































