ടെഹ്റാൻ: മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ “ഉടൻ രാജ്യം വിടണം” എന്ന അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി. ആശയവിനിമയ ബ്ലാക്ക്ഔട്ട് വ്യാപകമാകുന്നതും ഗതാഗത തടസങ്ങളും ചോദ്യം ചെയ്യൽ, അറസ്റ്റ് സാധ്യതകൾ എന്നിവ വർധിക്കുന്നതും മുന്നറിയിപ്പിൽ പറയുന്നു.
അതുപോലെ ഇറാനിൽ ഇന്റർനെറ്റ്, മൊബൈൽ, ലാൻഡ്‌ലൈൻ സേവനങ്ങൾ കർശനമായി നിയന്ത്രിക്കുന്നതായി എംബസി അറിയിച്ചു. പൊതുഗതാഗതം തടസപ്പെടുകയും നിരവധി റോഡുകൾ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. വിമാന സർവീസുകളും പരിമിതപ്പെടുത്തുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യമാണെന്നും അറിയിപ്പിൽ പറയുന്നു.
“ഇന്റർനെറ്റ് പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട്. സുരക്ഷിതമാണെങ്കിൽ, അമേരിക്കൻ പൗരന്മാർ അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം രാജ്യം വിടുന്നത് പരിഗണിക്കണം,” യുഎസ് എംബസി മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. യുഎസ് സർക്കാർ സഹായത്തെ ആശ്രയിക്കാതെ തന്നെ യാത്രാ പദ്ധതികൾ തയ്യാറാക്കണമെന്നും, വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാകാൻ സാധ്യതയുണ്ടെന്നും എംബസി അറിയിച്ചു.
അതുപോലെ രാജ്യം വിടാൻ കഴിയാത്തവർ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും, ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ സംഭരിക്കണമെന്നും പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശമുണ്ട്. സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ച് കുറഞ്ഞ ശ്രദ്ധയിൽ തുടരാനും എംബസി ആവശ്യപ്പെട്ടു.
അമേരിക്കൻ– ഇറാനിയൻ ഇരട്ട പൗരത്വമുള്ളവർക്ക് പ്രത്യേക അപകടസാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇറാൻ ഇരട്ട പൗരത്വം അംഗീകരിക്കുന്നില്ലെന്നും, അത്തരക്കാരെ ഇറാനിയൻ പൗരന്മാരായി മാത്രം പരിഗണിക്കുമെന്നും എംബസി വ്യക്തമാക്കി. യുഎസുമായി ബന്ധമുണ്ടെന്ന സംശയം പോലും ചോദ്യം ചെയ്യലിനും അറസ്റ്റ് ചെയ്യലിനും കാരണമാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഫെബ്രുവരി 5-നുള്ള നിലയിൽ അർമേനിയയിലെ അഗരാക്/നോർഡൂസ് അതിർത്തിയും, തുർക്കിയിലെ ഗുർബുലാക്/ബസാർഗാൻ, കാപികോയ്/റാസി, എസെൻഡെറെ/സെറോവ് എന്നീ അതിർത്തി കവാടങ്ങളും തുറന്ന നിലയിലാണെന്ന് എംബസി അറിയിച്ചു. അർമേനിയയിൽ പ്രവേശിക്കുന്ന യുഎസ് പൗരന്മാർക്ക് 180 ദിവസം വിസയില്ലാതെ താമസിക്കാം. തുർക്കിയിൽ 90 ദിവസം താമസാനുമതിയുണ്ട്. തുർക്മെനിസ്ഥാൻ അതിർത്തികൾ തുറന്നിട്ടുണ്ടെങ്കിലും പ്രത്യേക അനുമതി ആവശ്യമുണ്ടെന്നും, അസർബൈജാൻ അതിർത്തികൾ ഭൂരിഭാഗവും അടച്ച നിലയിലാണെന്നും അറിയിച്ചു. അഫ്ഗാനിസ്ഥാൻ, ഇറാഖ്, പാകിസ്ഥാൻ–ഇറാൻ അതിർത്തികൾ വഴി യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി.
ഇറാനുമായി യുഎസിന് നേരിട്ടുള്ള നയതന്ത്രബന്ധങ്ങളില്ലെന്നും ടെഹ്റാനിലെ സ്വിസ് എംബസിയാണ് യുഎസ് താൽപര്യങ്ങൾ പ്രതിനിധീകരിക്കുന്നതെന്നും എംബസി വ്യക്തമാക്കി. ഇതിനിടെ, അമേരിക്ക–ഇറാൻ ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ നടക്കുമെന്നാണ് റിപ്പോർട്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയാണ് ചർച്ചകൾ പ്രഖ്യാപിച്ചത്. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ സുപ്രീം ലീഡർ ആയത്തുല്ല അലി ഖമേനെയെ ലക്ഷ്യമിട്ട്, “അദ്ദേഹം ഏറെ ആശങ്കപ്പെടണം” എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആണവ വിഷയത്തിനപ്പുറം ചർച്ചകൾ വ്യാപിപ്പിക്കണമെന്നാണ് യുഎസിന്റെ നിലപാടെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇറാൻ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ല എന്ന നിലപാട് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ആവർത്തിച്ചു.












































