വാഷിംഗ്ടൺ: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ അഭയാർത്ഥികൾക്ക് മുന്നിലേക്ക് പുതിയ ‘ഓഫർ വച്ച് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ നിന്ന് സ്വമേധയാ നാടുവിടാൻ തയ്യാറായിരിക്കുന്ന അഭയാർത്ഥികൾക്ക് 1000 ഡോളർ നൽകുമെന്ന് പ്രഖ്യാപിച്ചു. യുഎസ് ഡിപ്പാർട്മന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടേതാണ് ഈ തീരുമാനം. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫർ.
ഒരു വ്യക്തി അനധികൃത കുടിയേറ്റക്കാരനാണെന്ന് തെളിഞ്ഞാൽ, അയാളെ അറസ്റ്റ് ചെയ്ത്, നാടുകടത്തുന്നത് വരെയുള്ള നടപടികൾക്ക് 17000 ഡോളറാണ് ചിലവ്. ഈ ചിലവ് വെട്ടിച്ചുരുക്കാനാണ് അഭയാർത്ഥികൾക്ക് പണം വാഗ്ദാനം ചെയ്യുന്നത്. ജനുവരി 20ന് പ്രസിഡന്റ് ട്രംപ് പദവി ഏറ്റെടുത്തതിന് പിന്നാലെ വലിയ രീതിയിലുള്ള നാടുകടത്തലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരെക്കും 1,52,000 ആളുകളെ നാടുകടത്തിയെന്നാണ് കണക്ക്. ഇതിനായി വലിയ തുകയാണ് ചിലവ് വന്നിരിക്കുന്നത് എന്നതിനാലാണ് പുതിയ വാഗ്ദാനം.
മാത്രമല്ല വലിയ വിവാദങ്ങൾക്കു വഴിവച്ച സംഭവം കൂടിയായിരുന്നു ട്രംപിന്റെ നാടുകടത്തൽ. അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങണിയിച്ച ശേഷം, വ്യോമസേനാ വിമാനത്തിൽ എത്തിച്ച നടപടിക്ക് നേരെ വലിയ വിമർശനം ഉയർന്നിരുന്നു.