ഇന്നലെ മുതൽ യുഎസിൽ ആരംഭിച്ച ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ രാജ്യത്തുടനീളമുള്ള ഫെഡറല്‍ സേവനങ്ങളെയും ജീവനക്കാരെയും ഗുരുതരമായി ബാധിച്ചു. ലക്ഷക്കണക്കിന് ജീവനക്കാരുടെ ജോലി താല്‍ക്കാലികമായി നിര്‍ത്തിവെച്ചപ്പോള്‍, ഫണ്ടിംഗ് പുനഃസ്ഥാപിക്കുന്നതുവരെ ശമ്പളമില്ലാതെ ജോലിക്ക് ഹാജരാകാന്‍ നിരവധി പേര്‍ നിര്‍ബന്ധിതരായിട്ടുമുണ്ട്.
വ്യത്യസ്ത തലങ്ങളിലാണ് ഓരോ സര്‍ക്കാര്‍ വകുപ്പിനെയും ഷട്ട്ഡൗണ്‍ ബാധിച്ചിരിക്കുന്നത്. ഏറ്റവും രൂക്ഷമായി ബാധിച്ചത് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയെയാണ് (EPA). ഇവിടെ 89% ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. വിദ്യാഭ്യാസ വകുപ്പില്‍ 87% ജീവനക്കാരെയും, വാണിജ്യ വകുപ്പില്‍ 81% ജീവനക്കാരെയും, തൊഴില്‍ വകുപ്പില്‍ 76% ജീവനക്കാരെയും ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഭവന, നഗരവികസന വകുപ്പിലെ 71% ജീവനക്കാര്‍ക്കും ഷട്ട്ഡൗണ്‍ കാരണം ജോലി താത്കാലികമായി നഷ്ടമായി.
ഷട്ട്ഡൗണിന്റെ ഫലമായി നിരവധി പ്രധാന സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇത് പൊതുജനങ്ങളെയും ബാധിച്ചു. ആരോഗ്യ മേഖലയില്‍ ചില മരുന്ന് വിതരണത്തേയും ഇത് ബാധിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (NIH) ഗ്രാന്റുകള്‍ നല്‍കുന്നതും NIH ആശുപത്രിയില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതും നിര്‍ത്തിയിട്ടുണ്ട്.