വാഷിംഗ്ടൺ: വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയായ H1B വിസ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫീസ് ഒരു ലക്ഷം ഡോളർ ആയി ഉയർത്തി. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. ടെക് കമ്പനികൾക്ക് വൻ തിരിച്ചടിയാകും പുതിയ നടപടിയെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ ഐടി പ്രൊഫഷനലുകൾക്കും ചെറുകിട കമ്പനികൾക്കും താങ്ങാനാകാത്ത ഫീസ് ആണിത്. എന്നാൽ, ടെക്നോളജി രംഗത്ത് അമേരിക്കക്കാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടി ആണിതെന്ന് ട്രംപ് പ്രതികരിച്ചു.വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാൻസ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴിൽ മേഖലകളിലാണ് H1B വിസ ഉപയോഗിക്കുന്നത്.
അമേരിക്കയിലെ തൊഴിലുടമയാണ് ഈ വിസക്ക് അപേക്ഷിക്കുന്നത്. തൊഴിലാളികൾക്ക് ഇത് അപേക്ഷിക്കാൻ കഴിയില്ല. വിസ ലഭിക്കുന്നതിനായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ ആണ് അപേക്ഷ നൽകേണ്ടത്. മൂന്ന് വർഷത്തെ കാലാവധിയാണ് H1B വിസയ്ക്കുള്ളത്. ഇത് നീട്ടാൻ സാധിക്കും. എച്ച്1ബി വിസകൾ ഏറ്റവും കൂടുതൽ കിട്ടുന്നത് ഇന്ത്യക്കാർക്ക് ആണ്. അതുകൊണ്ട് തന്നെ ഇതിൽ കനത്ത തിരിച്ചടി ലഭിക്കുന്നതും ഇന്ത്യാക്കാർക്ക് തന്നെയാകും. 2020 മുതൽ 2023 കാലയളവിൽ ആകെ അനുവദിച്ച H1B വീസകളുടെ 73% ഇന്ത്യക്കാർ ആയിരുന്നു.
















































