വാഷിങ്ടൺ : യുഎസ് നാവികസേനയുടെ എഫ്-35 ഫൈറ്റർ ജെറ്റ് കാലിഫോർണിയയിൽ തകർന്നുവീണു. അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്നും പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സെൻട്രൽ കാലിഫോർണിയയിലെ ഫ്രെസ്‌നോ നഗരത്തിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ അകലെ ലെമൂറിന് സമീപം നേവൽ എയർ സ്റ്റേഷനടുത്താണ് ലോകത്തിലെ ഏറ്റവും ആധുനികമായ അഞ്ചാം തലമുറ വിമാനമായി കണക്കാക്കപ്പെടുന്ന എഫ്-35 തകർന്ന് വീണത്. പൈലറ്റ് അപകടത്തിൽ നിന്ന് വിജയകരമായി രക്ഷപ്പെട്ടതായും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും യുഎസ് നാവികസേന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
അപകടസമയത്ത് പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നും മറ്റ് അപായങ്ങൾ ഉണ്ടായിട്ടില്ലെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സമയം ഏകദേശം വൈകുന്നേരം 4.30 ഓടെയാണ് അപകടം സംഭവിച്ചത്. തകർന്ന് വീണതിന് പിന്നാലെ വിമാനത്തിന് തീപിടിച്ചിരുന്നു. തകർന്നുവീണ എഫ്-35 യുദ്ധവിമാനം ‘റഫ് റൈഡേഴ്‌സ്’ എന്നറിയപ്പെടുന്ന സ്ട്രൈക്ക് ഫൈറ്റർ സ്ക്വാഡ്രൺ വിഎഫ്-125 ന്റേതാണെന്ന് നാവികസേന പ്രസ്താവനയിൽ പറഞ്ഞു. പൈലറ്റുമാർക്കും എയർക്രൂവിനും പരിശീലനം നൽകുന്നതിന് ഉത്തരവാദിത്തമുള്ള ഒരു ഫ്ലീറ്റ് റീപ്ലേസ്‌മെന്റ് സ്ക്വാഡ്രണാണ് വിഎഫ്-125. നിലവിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ വിമാനമാണിത്.
അടുത്തിടെ സാങ്കേതിക തകരാർമൂലം ബ്രിട്ടീഷ് നേവിയുടെ എഫ് 35 ബി വിമാനം കേരളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത് വലിയ വാർത്തയായിരുന്നു. ഇന്ത്യ–പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. ഇറക്കുന്നതിനിടെ വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചതിനെ തുടർന്ന് തിരികെപ്പോകാൻ സാധിക്കാതാകുകയായിരുന്നു. ബ്രിട്ടനിൽനിന്നെത്തിയ 14 അംഗ വിദഗ്ധ എൻജിനീയർമാരുടെ സംഘം യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിച്ച ശേഷമാണ് തിരികെ കൊണ്ടുപോയത്.