ദുബായ്: ഖത്തറിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ, ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകർന്നതായി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നു . അസോഷ്യേറ്റഡ് പ്രസ് (എപി) ആണ് ചിത്രങ്ങൾ വിശകലനം ചെയ്തത്. യുഎസ് ഇതിനോടു പ്രതികരിച്ചിട്ടില്ല.
ആണവ കേന്ദ്രങ്ങളിലെ ആക്രമണത്തിനു മറുപടിയായി ജൂൺ 23നാണ് ഇറാൻ യുഎസ് സൈനിക താവളം ആക്രമിച്ചത്. ആക്രമണത്തിനു മുൻപുതന്നെ വിമാനങ്ങളെല്ലാം താവളത്തിൽനിന്ന് മാറ്റിയിരുന്നതിനാൽ കാര്യമായ നാശം ഉണ്ടായില്ലെന്നായിരുന്നു വിലയിരുത്തൽ.
എന്നാൽ, ഈ ഗോപുരം തകർന്നിട്ടുണ്ടെങ്കിൽ യുഎസിന് അതു വലിയ നഷ്ടമാകും. 125 കോടി രൂപ വിലവരുന്ന ഉപകരണം 2016 ലാണ് ഇവിടെ സ്ഥാപിച്ചത്. ജൂൺ 25നു ശേഷവുമുള്ള ചിത്രങ്ങളിൽ ഇതു കാണാനില്ല. അതിനിടെ, കഴിഞ്ഞ മാസം കാണാതായ ഫ്രഞ്ച്-ജർമൻ പൗരനായ സൈക്കിൾ യാത്രികൻ ലെനാർഡ് മോണ്ടെർലോസ് കസ്റ്റഡിയിലുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചു. ഇറാനിലൂടെ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന മോണ്ടെർലോസിനെ ജൂൺ പകുതിയോടെയാണ് കാണാതായത്.