വാഷിങ്ടൺ: യുഎസിന്റെ ഉപരോധം നേരിടുന്ന ഇറാനിൽനിന്ന് പെട്രോളിയവും പെട്രോളിയം ഉത്പന്നങ്ങളും വാങ്ങിയ ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. എണ്ണ വിൽപനയിൽനിന്ന് ലഭിക്കുന്ന പണം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും മധ്യപൂർവേഷ്യയിൽ സംഘർഷം രൂക്ഷമാക്കാനും സ്വന്തം ജനങ്ങളെ അടിച്ചമർത്താനും ഇറാൻ വിനിയോഗിക്കുന്നുവെന്നാണ് യുഎസ് ആരോപണം.
അതേ ഇറാനിൽനിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നുവെന്ന് കണ്ടെത്തിയ ആറ് ഇന്ത്യൻ കമ്പനികൾ ഉൾപ്പെടെ 20 കമ്പനികൾക്കാണ് ബുധനാഴ്ച യുഎസ് ഉപരോധം ഏർപ്പെടുത്തിയതായി അറിയിച്ചത്. ആൽക്കെമിക്കൽ സൊല്യൂഷൻസ് പ്രവൈറ്റ് ലിമിറ്റഡ്, ഗ്ലോബൽ ഇൻഡസ്ട്രിയൽ കെമിക്കൽസ് ലിമിറ്റഡ്, ജുപീറ്റർ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ്, റാംനിക്‌ലാൽ എസ് ഗൊസാലിയ ആൻഡ് കമ്പനി, പെർസിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ്, കാഞ്ചൻ പോളിമേഴ്‌സ് എന്നീ ഇന്ത്യൻ കമ്പനികൾക്കുമേലാണ് യുഎസ് ഉപരോധം.
ഈ ഉപരോധം നിലവിൽ വരുന്നതോടെ ഈ കമ്പനികളുടെ യുഎസിൽ ഉള്ളതോ, യുഎസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളതോ ആയ മുഴുവൻ ആസ്തികളും മരവിപ്പിക്കും. മാത്രമല്ല, ഈ കമ്പനികളുമായി അമേരിക്കൻ പൗരന്മാരോ കമ്പനികളോ വ്യാപാരത്തിൽ ഏർപ്പെടുന്നതിനും വിലക്കുണ്ട്.
അതേസമയം 2024 ജനുവരി മാസത്തിനും ഡിസംബർമാസത്തിനും ഇടയിൽ ഇറാനിലെ വിവിധ കമ്പനികളിൽനിന്ന് 84 ദശലക്ഷം ഡോളറിന്റെ പെട്രോകെമിക്കൽ ഉത്പന്നങ്ങൾ വാങ്ങുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നാണ് ആൽക്കെമിക്കൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനെതിരായ യുഎസ് ആരോപണം. 51 ദശലക്ഷം ഡോളറിന്റെ മെഥനോൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ 2024 ജൂലൈയ്ക്കും 2025 ജനുവരിക്കുമിടെ ഇറാനിൽനിന്ന് ഇറക്കുമതി ചെയ്തുവെന്നാണ് ഗ്ലോബൽ ഇൻഡസ്ട്രിയൽ കെമിക്കൽസ് ലിമിറ്റഡിനെതിരേ ആരോപിച്ചിരിക്കുന്നത്.
അതുപോലെ 2024 ജനുവരിക്കും 2025 ജനുവരിക്കുമിടെ 49 ദശലക്ഷം ഡോളറിന്റെ മെഥനോളും ടൊളുവിൻ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ ഇറാനിൽനിന്ന് ജൂപിറ്റർ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് യുഎസിന്റെ കണ്ടെത്തൽ. 2024 ജനുവരിക്കും 2025 ജനുവരിക്കുമിടെ 22 ദശലക്ഷത്തിലധികം ഡോളറിന്റെ ഉത്പന്നങ്ങൾ ഇറാനിൽനിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് റാംനിക്‌ലാൽ എസ് ഗൊസാലിയ ആൻഡ് കമ്പനിക്കെതിരേ ആരോപണം.
2024 ഒക്ടോബറിനും 2024 ഡിസംബറിനുമിടെ 14 ദശലക്ഷം ഡോളറിന്റെ പെട്രോകെമിക്കൽ ഉത്പന്നങ്ങൾ പെർസിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് യുഎസ് ആരോപിക്കുന്നു. 1.3 ദശലക്ഷം ഡോളറിന്റെ ഇറാനിയൻ പെട്രോകെമിക്കൽ ഉത്പന്നങ്ങൾ കാഞ്ചൻ പോളിമേഴ്‌സ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് യുഎസ് പറയുന്നത്.