കൊച്ചി: ടൂറിസം പെട്രോളിയം മന്ത്രിയാണെങ്കിലും റെയിൽവേയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനാണ് തന്റെ തീരുമാനമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തില്‍ ബുള്ളറ്റ് ട്രെയിൻ വരണമെങ്കിൽ സീറോ കർവ് ഭൂമിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരതിന്റെ ഫ്ലാഗിഫ് ഓഫിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിങ് വഴി വാരാണസിയിൽ നിന്നാണ് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്.
വന്ദേഭാരത് എന്ന വിപ്ലവ റെയിൽ ഓപ്പറേഷൻ വന്നപ്പോൾ മറ്റു പല ട്രെയിനുകളും വൈകുന്നുവെന്നും സ്റ്റോപ്പുകളുടെ എണ്ണം കൂടിയെന്നും വേഗം കൂടിയെന്നുമൊക്കെ യാത്രക്കാർക്ക് പരാതിയുണ്ട്. ഇതൊക്കെ ബാലൻസ് ചെയ്യണമെങ്കിൽ കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണ്. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യമുന്നയിച്ചു. സൗകര്യം ഒരുക്കാൻ റെയിവേ സജ്ജമാണ്. ഈ വർഷം മാത്രം 3042 കോടിയാണ് കേരളത്തിനുവേണ്ടി മാത്രം നീക്കിവെച്ചത്. പതിനായിരം കോടിയോ അതിൽ കൂടുതലോ തരാൻ റെയിൽവേ തയ്യാറാണ്. ഭൂമി മാത്രമാണ് ആവശ്യം- സുരേഷ് ഗോപി പറഞ്ഞു.
റെയിൽവേ ഇല്ലാത്തതുകൊണ്ട് ജീവിതസൗകര്യങ്ങളില്ലാത്ത അഞ്ച് പട്ടണങ്ങളെങ്കിലും കേരളത്തിലുണ്ടെന്നും അതിന് പ്രതിവിധി കാണണമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലും ബുള്ളറ്റ് ട്രെയിൻ വരണം. അതിന് സീറോ കർവ് ഭൂമി ആവശ്യമാണ്. തൃശ്ശൂരിലേക്കുള്ള മെട്രോ അല്ല, കോയമ്പത്തൂർ വരേയുള്ള മെട്രോ ആണ് താൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



















































