ലഖ്നൗ: സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എട്ട് വയസുകാരി ഓടയിൽ വീണു. 50 മീറ്ററോളം ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം പിന്നീട് നാട്ടുകാരാണ് പുറത്തെടുത്തത്. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് നടുക്കുന്ന ഈ സംഭവം നടന്നത്. തിങ്കളാഴ്ച ഗൊരഖ്പൂരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ റോഡും നിർമ്മാണത്തിലിരിക്കുന്ന ഓടയും വെള്ളത്തിൽ മുങ്ങിയതിനാൽ, ഓടയുടെ മുകളിലെ സ്ലാബിലൂടെയാണ് കുട്ടി നടന്നിരുന്നത്. എന്നാൽ, ഓടയുടെ ഒരു ഭാഗത്ത് സ്ലാബ് ഇല്ലാതിരുന്നതിനാൽ കുട്ടി അതിലേക്ക് വീഴുകയായിരുന്നു. അഫ്രീൻ എന്ന എട്ട് വയസുകാരിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
കൂടെയുണ്ടായിരുന്ന അനുജൻ സഹായത്തിനായി നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി. 50 മീറ്ററോളം ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹമാണ് അവർ കണ്ടെത്തിയത്. ഒരാൾ കുട്ടിയെ ഓടയിൽ നിന്ന് പുറത്തെടുക്കുന്നതും, പിന്നീട് സിപിആർ നൽകുന്നതും പുറത്ത് വന്ന വീഡിയോകളിൽ കാണാം. കുട്ടി പ്രതികരിക്കാതിരുന്നതിനെ തുടർന്ന് മറ്റൊരു നാട്ടുകാരൻ കുട്ടിയെ ചുമലിലെടുത്ത് മഴയത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
കരാറുകാരന്റെ അനാസ്ഥയാണ് മകളുടെ മരണത്തിന് കാരണമെന്ന് കുട്ടിയുടെ പിതാവും തൊഴിലാളിയുമായ അനീഷ് ഖുറേഷി ആരോപിച്ചു. പഠിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്ന മകളെ ഒരു മദ്രസയിൽ ചേർത്തിരുന്നുവെന്നും, ഡോക്ടറാകണമെന്നായിരുന്നു അവളുടെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഓടയുടെ നിർമ്മാണത്തിലെ അപാകത പരിഹരിച്ച് സ്ലാബിട്ട് മൂടിയതായി അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ ദുർഗേഷ് മിശ്ര അറിയിച്ചു.