മുംബൈ: 2014ലും 2019ലും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാൻ താൻ രാപകലില്ലാതെ പ്രചാരണം നടത്തി, എന്നാൽ മോദി ഇപ്പോൾ തന്റെ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം അധ്യക്ഷൻ ഉദ്ധവ് താക്കറെ. 2014ലും 2019ലും മോദിക്ക് വേണ്ടി പ്രചാരണം നടത്തിയതിൽ തനിക്ക് വിഷമവും ദേഷ്യവുമുണ്ട്. രണ്ടുതവണ സഹായിച്ചിട്ടും അദ്ദേഹം തന്റെ പാർട്ടിയെ പിളർത്തിയെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഉദ്ധവ് താക്കറെ ആരോപിച്ചു.
‘‘മോദിജിയെ പ്രധാനമന്ത്രിയാക്കണമെന്ന് ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു. അതിനായി ഞാൻ പ്രചാരണങ്ങൾ നടത്തി. ഇപ്പോൾ എന്നെ അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ജനങ്ങൾ ഈ രണ്ട് കാര്യങ്ങളും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. മഹാരാഷ്ട്രയിൽ നിന്ന് മുംബൈയെ വേർപെടുത്തുക എന്നത് ബിജെപിയുടെ പഴയ സ്വപ്നമാണ്.
ശിവസേനയെ തങ്ങൾ അവസാനിപ്പിച്ചുവെന്നാണ് അവർ കരുതുന്നത്. എന്നാൽ താഴെത്തട്ടിൽ അവർക്ക് അത് ചെയ്യാൻ കഴിയില്ല. 2012 വരെ ബിജെപി നേരായ വഴിയിലായിരുന്നുവെന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകും’’ – ഉദ്ധവ് താക്കറെ പറഞ്ഞു.
അതേസമയം രാഷ്ട്രീയത്തിന്റെ നിലവാരം തകരുന്നതിന് ആരെയെങ്കിലും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു വ്യക്തിയേക്കാൾ ഉപരി ബിജെപിയുടെ പ്രവർത്തനങ്ങളെയാണ് കുറ്റപ്പെടുത്തേണ്ടത് എന്നായിരുന്നു ഉദ്ധവ് താക്കറെ മറുപടി പറഞ്ഞു.















































