പൊതുവ വിമാനത്താവളത്തിലെ റെസ്റ്റോറന്‍റുകളിലെയും കഫേകളിലെയും ഭക്ഷണത്തിന് തീ വിലയാണ്. അതിനാല്‍, പുറത്തുനിന്നും ഭക്ഷണം കഴിച്ചാണ് ഭൂരിഭാഗം പേരും വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കുക. എന്നാല്‍, വളരെ കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കുന്ന കഫേയുമുണ്ട്, ഉഡാന്‍ കഫേ. ഇപ്പോള്‍ ചെന്നൈ വിമാനത്താവളത്തിലും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ചായയ്ക്ക് വെറും 10 രൂപയാണ് ഇവിടെ ഈടാക്കുന്നത്. 10 രൂപക്ക് കുടിവെള്ളവും ചായയും 20 രൂപക്ക് കോഫി, സമൂസ, മധുരപലഹാരം എന്നിവയാണ് ഈ കഫേകളില്‍ ലഭിക്കുക.
കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു ആണ് കഫേ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ആരംഭിച്ച ഉഡാന്‍ കഫേ വലിയ വിജയമായിരുന്നു. പദ്ധതി രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വളരെ കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കുകയെന്നതാണ് ഉഡാന്‍ കഫേയിലൂടെ കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. അടുത്ത ഉഡാന്‍ കഫേ ഡല്‍ഹി വിമാനത്താവളത്തില്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ്.
ചെന്നൈ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ ചെക്കിങ് ഏരിയക്ക് സമീപത്തായാണ് ഉഡാന്‍ കഫേ സ്ഥിതി ചെയ്യുന്നത്. എല്ലാതരം യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍നിന്ന് ലഘുഭക്ഷണം നല്‍കാന്‍ ഉദേശിച്ചാണ് കഴിഞ്ഞവര്‍ഷം മുതല്‍ ഉഡാന്‍ യാത്രി കഫേകള്‍ തുടങ്ങിയത്. ഉഡാന്‍ കഫേയ്ക്ക് ചെന്നൈ പരന്തൂരിലെ വിമാനത്താവളത്തിന് അധികം വൈകാതെ ഭരണാനുമതി ലഭിക്കുമെന്ന് മന്ത്രി റാം മോഹന്‍ നായിഡു മാധ്യമങ്ങളോട് അറിയിച്ചു.