ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. കൊല്ലം കടയ്ക്കൽ സ്വദേശി അൽത്താഫ് അലി (22), മഞ്ഞപ്പാറ സ്വദേശി മുഹമ്മദ് യാസീൻ (22) എന്നിവരാണു മരിച്ചത്. മടത്തറ കല്ലായിൽ സ്വദേശി നബീലിനെ ഗുരുതര പരുക്കുകളോടെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി നോമ്പെടുക്കുന്നതിനു മുന്നോടിയായി ഭക്ഷണം കഴിച്ചുവരുന്നതിനിടെ ചിത്രദുർഗ ജെസിആർ എക്സ്റ്റൻഷനു സമീപത്തുവച്ച് മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് കെഎസ്ആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. ഒരാൾ അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. ചിത്രദുർഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളാണ്. ചിത്രദുർഗ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.