വാഷിങ്ടൺ: പാക്കിസ്ഥാനു പിന്നാലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നാമനിർദേശം ചെയ്ത് ഇസ്രയേലും. വൈറ്റ് ഹൗസിൽ നടന്ന അത്താഴ വിരുന്നിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നോബൽ സമ്മാനത്തിനു നാമനിർദേശം നടത്തിയ കാര്യം ട്രംപിനെ അറിയിച്ചത്.
ലോകത്തു സമാധാനാന്തരീക്ഷം കെട്ടിപ്പടുക്കുന്നതിൽ ട്രംപു വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിയാണ് നോബൽ സമ്മാനം കൊടുക്കണമെന്ന് താൻ നിർദേശിച്ചതെന്ന് നെതന്യാഹു പറഞ്ഞു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള അബ്രഹാം ഉടമ്പടി തയ്യാറാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ‘ഇതിനോടകം തന്നെ സമാധാനം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ യുഎസ് പ്രസിഡന്റ് വലിയ സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
അതുപോലെ ഞങ്ങൾ ഇവിടെ ഇരുന്ന് സംസാരിക്കുമ്പോൾ തന്നെ അദ്ദേഹം മറ്റ് രാജ്യങ്ങളിൽ സമാധാനാന്തരീക്ഷം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നുണ്ടാകും. അതുകൊണ്ട് സാമാധാനത്തിനുള്ള നോബലിന് നാമനിർദേശം ചെയ്ത് കൊണ്ട് കമ്മിറ്റിക്ക് ഞാൻ അയച്ച കത്ത് നിങ്ങൾക്ക് സമർപ്പിക്കട്ടെ. നോബൽ സമ്മാനം താങ്കൾക്ക് ലഭിക്കണം, ഈ അംഗീകാരത്തിന് താങ്കൾ അർഹനാണ്.’-നെതന്യാഹു ട്രംപിനോട് പറഞ്ഞു.
മാത്രമല്ല പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സുരക്ഷയും സമാധാനവും ഉറപ്പ് വരുത്തുന്നതിൽ ട്രംപിന്റെ ഇടപെടലെ നെതന്യാഹു പ്രശംസിക്കുകയും ചെയ്തു. ‘ലോകത്തെ മോചിപ്പിക്കുന്നതിന് വേണ്ടിയെടുക്കുന്ന തീരുമാനങ്ങൾക്കും, നേതൃത്വത്തിനും പ്രത്യേകിച്ച് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നടത്തുന്ന ഇടപെടലിനും ഇസ്രയേലികളുടെയും ജൂതന്മാരുടേയും ലോകത്ത് താങ്കളെ ആരാധിക്കുന്ന എല്ലാവരുടെയും അഭിനന്ദനവും ആദരവും അറിയിക്കുന്നു. പ്രതിസന്ധികളെ നേരിടാനും അവസരങ്ങൾ നേടിയെടുക്കാനും നമ്മൾ തമ്മിലുള്ള അസാധാരണമായ ഈ കൂട്ടുകെട്ടിന് സാധിക്കും- നെതന്യാഹു പറഞ്ഞു.
ഇസ്രയേൽ പ്രധാനമന്ത്രിയിൽ നിന്നും ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത് വളരെ അർത്ഥവത്താണെന്നും ഇതിന് നെതന്യാഹുവിനോടുള്ള നന്ദി അറിയിക്കുന്നതായും- ട്രംപ് പറഞ്ഞു. അതേസമയം ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കുന്നതിൽ മധ്യസ്ഥത വഹിച്ചതിനാണ് പാക്കിസ്ഥാൻ ട്രംപിനെ നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്തത്. എന്നാൽ പിന്നീട് ഇറാനിൽ ട്രംപ് നടത്തിയ മിസൈൽ ആക്രമണത്തെ പാക്കിസ്ഥാൻ വിമർശിക്കുകയും ചെയ്തിരുന്നു.