ന്യൂയോര്‍ക്ക്: അടുത്തതായി ആക്രമിക്കാന്‍ പോകുന്നത് ക്യൂബയെയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കം ഇപ്പോഴും തുടരുന്നതിനിടെയാണ് അടുത്തതായി അമേരിക്ക ആക്രമിക്കാന്‍ പോകുന്ന രാജ്യം ട്രംപ് വെളിപ്പെടുത്തിയത്
. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവില്‍ പ്രസംഗിക്കുന്നതിനിടെ, ഇറാനെതിരായ യുഎസ് ആക്രമണങ്ങളെക്കുറിച്ച് വിശദീകരിച്ച ശേഷമാണ് ക്യൂബയെ കുറിച്ച് ട്രംപ് പരാമര്‍ശിച്ചത്.’ക്യൂബയാണ് അടുത്തത്. പക്ഷേ ഞാന്‍ അത് പറഞ്ഞില്ലെന്ന് നടിക്കും. എങ്കിലും ക്യൂബയാണ് അടുത്തത്’- ട്രംപ് പറഞ്ഞു. ക്യൂബയുടെ സാമ്പത്തിക വ്യവസ്ഥ പ്രവര്‍ത്തിക്കാത്തതിനാല്‍ അത് ഒരു ദുരന്തമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.’ക്യൂബയ്ക്ക് എണ്ണയോ ഇന്ധനമോ ഇല്ലാത്തതിന്റെ കാരണം അവര്‍ക്ക് അത് സൗജന്യമായി വേണം എന്നതാണ്.
അവരുടെ സാമ്പത്തിക വ്യവസ്ഥ പ്രവര്‍ത്തിക്കാത്തതിനാല്‍ ക്യൂബ ഒരു ദുരന്തമാണ്,’- റൂബിയോ പറഞ്ഞു. ട്രംപും സഖ്യകക്ഷികളും ക്യൂബയില്‍ ഭരണമാറ്റത്തിന് നിരവധി തവണ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയും സഖ്യകക്ഷികളും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കടുത്ത ഉപരോധമാണ് ക്യൂബ നേരിടുന്നത്. മുന്‍പ് ക്യൂബയെ പിടിച്ചെടുക്കാനും അമേരിക്കന്‍ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ വഴങ്ങുന്ന ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കാനും ശ്രമിക്കുമെന്ന് ട്രംപ് പ്രസ്താവന ഇറക്കിയിട്ടുണ്ട്.















































