ന്യൂഡൽഹി: ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന പഴയ കഥതന്നെ ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്ന സംഘർഷത്തിന് പരിഹാരം കണ്ടെത്തിയത് തന്റെ വ്യാപാരകരാർ ചർച്ചകളാണെന്നാണ് ട്രംപ് അവകാശവാദം ഉന്നയിച്ചത്.
അതേസമയം 73 ദിവസത്തിനിടയിൽ ഇരുപത്തഞ്ചാം തവണയാണ് ട്രംപ് ഈ വാദം ഉന്നയിക്കുന്നതെന്നും അവകാശവാദത്തിന്റെ സിൽവർ ജൂബിലിയാണ് ഇതെന്നും കോൺഗ്രസ് പരിഹസിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനമാണ് ഇത്തരം അവകാശ വാദങ്ങൾക്കു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. പഹൽഗാം ആക്രമണത്തെപ്പറ്റി വിശദമായി തുറന്നു പറയാത്തതാണ് ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ഉണ്ടാവാൻ കാരണം. ഇന്ത്യയുടെ സുരക്ഷയെ സംബന്ധിച്ച ഇത്ര വലിയ സൈനിക നടപടിയെപ്പറ്റി ഇന്ത്യ വ്യക്തത വരുത്താത്തത് എന്തുകൊണ്ടാണെന്നും എഐസിസി സെക്രട്ടറി ജയറാം രമേശ് ചോദിച്ചു. മറ്റ് രാജ്യങ്ങളുമായി കരാറുണ്ടാക്കാൻ പോകുമ്പോൾ സ്വന്തം രാജ്യത്തെ നീതിന്യായം പ്രധാനമന്ത്രി കാത്തുസൂക്ഷിക്കുന്നില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
‘ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗോയും റുവാണ്ടയും തമ്മിലുള്ള യുദ്ധം, എല്ലാം അവസാനിപ്പിച്ചത് എന്റെ ഇടപെടലിലൂടെയാണ്. അവർ അഞ്ച് യുദ്ധവിമാനങ്ങളാണ് വെടിവെച്ചിട്ടത്. സംഘർഷം കനക്കുമെന്നായപ്പോൾ ഞാൻ ഇടപെടുകയായിരുന്നു. അമേരിക്കയുമായുള്ള കച്ചവടബന്ധം തകരുമെന്ന് ഇരുവരോടും പറഞ്ഞു. അതോടെ യുദ്ധം അവസാനിച്ചു.’- വൈറ്റ് ഹൗസിൽ നടന്ന വിരുന്നിൽ ട്രംപ് പറഞ്ഞു.
അതേസമയം ചൊവ്വാഴ്ച നടന്ന യുഎൻ സെക്യൂരിറ്റി കൗൺസിലിൽ യുഎസ് പ്രതിനിധിയായ ഡൊറോത്തി ഷിയ നടത്തിയ പ്രസ്താവനയിലും ഇതേ അവകാശവാദം ഉണ്ടായിരുന്നു. അമേരിക്കയുടെ യുദ്ധവിരുദ്ധ നിലപാട് വ്യക്തമാക്കിയെന്ന നിലപാടിലാണ് അവർ വെടിനിർത്തൽ കരാറിനെക്കുറിച്ച് പറഞ്ഞത്. ട്രംപിന്റെ നേതൃത്വത്തിൽ മൂന്ന് മാസത്തിനിടെ പല രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കപ്പെട്ടുവെന്നും സമാധാനത്തിന് വഴിതുറന്നെന്നും അവർ പറഞ്ഞിരുന്നു.
എന്നാൽ ഇന്ത്യ വെടിനിർത്തൽകരാറിൽ ഒപ്പുവെച്ചത് പാക്കിസ്ഥാന്റെ അഭ്യർഥനയെ തുടർന്നായിരുന്നുവെന്ന് ഇന്ത്യയുടെ യുഎൻ അംബാസിഡർ പാർവഥനേനി ഹരീഷ് വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 22-ന് പഹൽഗാമിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിൽ ഇരുപത്തിയാറ് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതിന്റെ മറുപടിയായാണ് മെയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയത്. നാല് ദിവസം നീണ്ടുനിന്ന സൈനികാക്രമണം മെയ് പത്തോടെ അവസാനിപ്പിക്കുകയായിരുന്നു.