വാഷിങ്ടൺ: യുഎസ് സുപ്രീം കോടതി തന്റെ ഭരണകൂടത്തിന്റെ ഇറക്കുമതി താരിഫുകൾ റദ്ദാക്കിയതിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശ രാജ്യങ്ങളിൽ നിന്ന് ഒരു ഡോളർ പോലും ഈടാക്കാൻ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് അനുവദിക്കുന്നില്ലെന്ന കോടതിയുടെ നിരീക്ഷണത്തെ ട്രംപ് ചോദ്യം ചെയ്ത് രംഗത്തെത്തി. കോടതി വിധി പുറത്തുവന്ന് മണിക്കൂറുകൾക്കകം തന്നെ എല്ലാ വ്യാപാര പങ്കാളികളെയും ഉൾപ്പെടുത്തി 10 ശതമാനം ‘ആഗോള നികുതി’ അദ്ദേഹം പ്രഖ്യാപിച്ചു. ഓവൽ ഓഫീസിൽ വെച്ച് താൻ ഈ പുതിയ ഉത്തരവിൽ ഒപ്പുവെച്ചതായും ട്രംപ് സ്ഥിരീകരിച്ചു.
ഒരു രാജ്യവുമായുള്ള വ്യാപാര ബന്ധം പൂർണ്ണമായും വിച്ഛേദിക്കാനോ ആ രാജ്യത്തെ നശിപ്പിക്കുന്ന തരത്തിലുള്ള ഉപരോധം ഏർപ്പെടുത്താനോ തനിക്ക് നിയമപരമായി അധികാരമുണ്ടെന്ന് ട്രംപ് വാദിച്ചു. എന്നിട്ടും വെറും ഒരു ഡോളർ ഡ്യൂട്ടി ചുമത്തുന്നതിൽ നിന്ന് പോലും തന്നെ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതുപോലെ സുപ്രീം കോടതിയുടെ ഈ ഉത്തരവ് അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം വിദേശ രാജ്യങ്ങളെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്തതാണെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കയെ സംരക്ഷിക്കുന്നതിലായിരിക്കണം കോടതിക്ക് താൽപ്പര്യമുണ്ടാകേണ്ടതെന്നും കോടതിയുടെ വിധി തന്റെ നയപരമായ അജണ്ടയുടെ അടിസ്ഥാന ശിലകളിലൊന്നിനെയാണ് ഇല്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിധി നിയമപരമായ തിരിച്ചടി ഉണ്ടാക്കിയെങ്കിലും നികുതി സമ്മർദ്ദം തുടരാൻ മറ്റ് വഴികൾ തേടുമെന്ന് ട്രംപ് സൂചന നൽകി. മുൻപത്തെ നടപടികളിലൂടെ കോടിക്കണക്കിന് ഡോളർ വരുമാനം ലഭിച്ചിട്ടുണ്ടെന്നും പകരമുള്ള സംവിധാനങ്ങളിലൂടെ അതിലും വലിയ ലാഭം ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോടതി തള്ളിക്കളഞ്ഞവയ്ക്ക് പകരമായി മറ്റ് ബദൽ മാർഗങ്ങൾ ഉപയോഗിക്കുമെന്നും നൂറുകണക്കിന് ബില്യൺ ഡോളർ ഇനിയും ഖജനാവിലേക്ക് എത്തുമെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ കോടതി വിധി ബാധിക്കില്ലെന്ന് ട്രംപ് പ്രത്യേകം പരാമർശിച്ചു. നിലവിലെ ധാരണയനുസരിച്ച് ഇന്ത്യ നികുതി നൽകുന്നത് തുടരുമെന്നും അമേരിക്ക നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഇന്ത്യ ഉൾപ്പെടെയുള്ള വ്യാപാര കരാറുകളുള്ള രാജ്യങ്ങൾക്ക് പരിഷ്കരിച്ച നിബന്ധനകൾ വരുന്നത് വരെ താൽക്കാലികമായി 10 ശതമാനം താരിഫ് നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പിന്നീട് സൂചിപ്പിച്ചു.














































