വാഷിങ്ടണ്‍: അടുത്ത മാസംമുതല്‍ ചൈനയില്‍നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചില സോഫ്റ്റ്‌വെയറുകള്‍ക്ക് കയറ്റുമതി നിയന്ത്രണമേര്‍പ്പെടുത്തും. നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ലെന്നും എന്നാല്‍ അത് നടക്കുമോ എന്ന് തനിക്കറിയില്ലെന്നും പിന്നീട് ട്രംപ് നിലപാടെടുത്തു. ട്രംപ് ഈവര്‍ഷമാദ്യം ചൈനീസ് ഉല്പന്നങ്ങള്‍ക്ക് താരിഫ് വര്‍ധിപ്പിച്ചതോടെ ചൈന കയറ്റുമതി നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. കാറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, മറ്റു പല ഉല്പന്നങ്ങള്‍ എന്നിവയ്ക്കുപയോഗിക്കുന്ന അപൂര്‍വ ലോഹങ്ങളുടെയും മറ്റു ചില പ്രധാന വസ്തുക്കളുടെയും ഉത്പാദനത്തില്‍ ചൈനയ്ക്കാണ് ആധിപത്യം.
ഈ വസ്തുക്കളെ ആശ്രയിക്കുന്ന പല യുഎസ് കമ്പനികളും ഇതോടെ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. വാഹനനിര്‍മാതാക്കളായ ഫോര്‍ഡിന് താത്കാലികമായി ഉത്പാദനം നിര്‍ത്തിവെയ്‌ക്കേണ്ട ഗതിവന്നു. ചൈനയുടെ നടപടിയെയും ട്രംപ് ശക്തമായി എതിര്‍ത്തു. ചൈന വളരെ ശത്രുതാപരമായി മാറുന്നു എന്നും ലോകത്തെ തടവിലാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെയാണ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറുമെന്ന് പറഞ്ഞത്. പിന്നീട് അത് തിരുത്തി നടക്കുമോ എന്ന് തനിക്കറിയില്ലെന്ന് പറഞ്ഞു.