വാഷിങ്ടൻ: പറഞ്ഞ പല്ലവിതന്നെ പാടിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാപാര ഭീഷണി ഉയർത്തിയാണ് ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത്. ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രംപിന്റെ പുതിയ പരാമർശം. നിങ്ങൾ രണ്ടുപേരും യുദ്ധത്തിനു പോയാൽ, താൻ നിങ്ങളുടെ മേൽ 100%, 150%, 200% എന്നിങ്ങനെ തീരുവകൾ ചുമത്തുമെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ അത് പരിഹരിച്ചു. തീരുവകൾ ഇല്ലായിരുന്നുവെങ്കിൽ, ഈ യുദ്ധം ഒരിക്കലും അവസാനിക്കുമായിരുന്നില്ലെന്നാണ് ട്രംപ് പറയുന്നത്. ഗാസയിലെ വെടിനിർത്തൽ താൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമായി വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപിന്റെ പ്രസ്താവന.
‘‘ഇന്ത്യയെയും പാക്കിസ്ഥാനെയും കുറിച്ച് ചിന്തിക്കൂ. ചില യുദ്ധങ്ങൾ 31, 32 അല്ലെങ്കിൽ 37 വർഷം നീണ്ടുനിന്നു. ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു. അവയിൽ മിക്കതും ഞാൻ ഒരു ദിവസത്തിനുള്ളിൽ പരിഹരിച്ചു. നിങ്ങൾ രണ്ടുപേരും യുദ്ധത്തിനു പോയാൽ, ഞാൻ നിങ്ങളുടെ മേൽ 100%, 150%, 200% എന്നിങ്ങനെ തീരുവകൾ ചുമത്തുമെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ അത് പരിഹരിച്ചു. തീരുവകൾ ഇല്ലായിരുന്നുവെങ്കിൽ, ഈ യുദ്ധം ഒരിക്കലും അവസാനിക്കുമായിരുന്നില്ല’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.
‘‘അതുപോലെ ഗാസയിലേത് ഞാൻ പരിഹരിച്ച എന്റെ എട്ടാമത്തെ യുദ്ധമായിരിക്കും. ഇനി അടുത്തത് അഫ്ഗാനിസ്ഥാനാണ്. ഇപ്പോൾ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഒരു സംഘർഷം നടക്കുന്നുണ്ട്, ഞാൻ തിരിച്ചെത്തുമ്പോൾ അത് പരിഹരിക്കും. യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ വിദഗ്ധനാണ്’’ – ട്രംപ് അവകാശപ്പെട്ടു. അതുപോലെ നൊബേൽ സമ്മാനത്തിനുവേണ്ടിയല്ല താൻ ഇതൊന്നും ചെയ്യുന്നതെന്നും ട്രംപ് വ്യക്തമാക്കി.