തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തി അനർഹമായ നൂറുകണക്കിന് വോട്ടുകൾ ബിജെപി തൃശൂരിൽ ചേർത്തു എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. ചേലക്കര മണ്ഡലത്തിലെയും മറ്റിങ്ങളിലേയും വോട്ടർമാരെ തൃശൂരുകൊണ്ടുവന്ന് ബിജെപി ചേർത്തുവെന്ന് സുനിൽ കുമാർ പറഞ്ഞു. അനർഹമായ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും സുനിൽ കുമാർ വ്യക്തമാക്കി..
സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിചിത്രമായ ഒരു മറുപടിയാണ് ഇന്നലെ കിട്ടിയത്. സത്യവാങ്മൂലം നൽകിയാൽ പരാതി അന്വേഷിക്കാം എന്നായിരുന്നു അത്. പരാതിയിൽ കഴമ്പില്ലെങ്കിൽ ജയിലിൽ അടയ്ക്കാനുള്ള വകുപ്പുകൾ വരെ ഉണ്ട്. തെറ്റ് ചൂണ്ടിക്കാണിക്കേണ്ടത് ജനാധിപത്യ അവകാശമാണ്. അത് നിറവേറ്റുക തന്നെ ചെയ്യുമെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു.
അതേസമയം, വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വീണ്ടും രംഗത്തെത്തി. തൃശൂർ അസംബ്ലിയിലാണ് പരിശോധന കോൺഗ്രസ് നടത്തിയതെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. അയ്യന്തോൾ, പൂങ്കുന്നം ഫ്ളാറ്റുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. 10 ഫ്ളാറ്റുകളിൽ 100 ലധികം പേരുടെ വ്യാജ വോട്ടു ചേർത്തു എന്ന പരാതിയാണ് നൽകിയത്. വോട്ടർ പട്ടിക ശുചീകരിക്കുക എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണ്. ക്രമക്കേടിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കളക്ടർക്ക് മുതൽ ഇതിന് ഉത്തരവാദിത്തമുണ്ട്. ഇവിടെ കേന്ദ്ര മന്ത്രി തന്നെ ക്രമക്കേടിന് കൂട്ടുനിന്നു. ധാർമ്മികതയുടെ ലംഘനമാണിതെന്നും ടാജറ്റ് കൂട്ടിച്ചേർത്തു.
















































