തൃശ്ശൂർ: കടുത്ത നെഞ്ചുവേദനയ്ക്കിടയിലും ആ മനുഷ്യന്റെ മനസിൽ തന്നെ വിശ്വസിച്ച് മക്കളെ ഏൽപിച്ച മാതാപിതാക്കളുടെ മുഖമായിരുന്നിരിക്കണം വന്നത്. അതോടെ ചിന്ത സുരക്ഷിതമായി വാഹനം ഒതുക്കുന്നതിലായി പിന്നാലെ സ്കൂൾ ബസിന്റെ ഡ്രൈവർ സീറ്റിലേക്ക് കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല.
പൂപ്പത്തി സരസ്വതിവിദ്യാലയത്തിലെ വിദ്യാർഥികളെയും കയറ്റി കുട്ടികളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കുരുവിലശ്ശേരി മാരിക്കൽ കരിപാത്ര സഹദേവ(64)ന് അസ്വസ്ഥതയുണ്ടായത്. മാള-അന്നമനട റോഡിലൂടെയുള്ള യാത്രയ്ക്കിടെ കുഴഞ്ഞ സഹദേവൻ വാഹനം മേലഡൂരിലെ പെട്രോൾ പമ്പിനടുത്ത് നിർത്തി. പിന്നാലെ കുഴഞ്ഞു വീണു. ബുധനാഴ്ച വൈകീട്ട് നാലോടെയാണു സംഭവം.
അതേസമയം വാഹനത്തിൽ അപ്പോൾ ഒമ്പത് വിദ്യാർഥികളും സ്‌കൂൾ ജീവനക്കാരിയും ഉണ്ടായിരുന്നു. സഹദേവൻ കുഴഞ്ഞുവീണതുകണ്ട് ജീവനക്കാരി വാഹനത്തിൽനിന്ന് ഇറങ്ങി നാട്ടുകാരുടെ സഹായം അഭ്യർഥിച്ചു. പിന്നാലെ പെട്രോൾ പമ്പിലെ ജീവനക്കാരുമെത്തി അതുവഴി വന്ന കാറിലാണ് അടുത്തുള്ള മാളയിലെ ബിലീവേഴ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.
രണ്ടുവർഷമായി സഹദേവൻ പൂപ്പത്തി സരസ്വതിവിദ്യാലയത്തിലെ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. ഭാര്യ: രജനി. മക്കൾ: ശരണ്യ, നികേഷ്. മരുമകൻ: കൃഷ്ണകുമാർ.
 
			

































 
                                






 
							






