കൊണ്ടോട്ടി: ഏകദേശം 40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകൾ കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസ്സിന്റെ പിടിയിൽ. ചൊവ്വാഴ്ച രാത്രി 11:45 മണിക്ക് തായ്ലൻഡിൽ നിന്നും എയർഏഷ്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിയവരിൽ നിന്നാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
സംഭവത്തിൽ ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരാണ് എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ഇവരിൽ നിന്ന് 34 കിലോ ഹൈബ്രിഡ് കഞ്ചാവും കൂടാതെ തായ്ലൻഡ് നിർമിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയിൽ കലർത്തിയ രാസലഹരി (എംഡിഎംഎ)യുമാണ് പിടികൂടിയത്. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രതികൾ തായ്ലൻഡിൽ നിന്നും ക്വാലലംപുർ വഴി ആണ് കോഴിക്കോട് എത്തിയത്.