ശ്രീനഗർ: ജമ്മു കശ്മീരിലെ ദാര മേഖലയിൽ ഭീകരവാദികളെ പിടികൂടുന്നതിനായി നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം. കൊല്ലപ്പെട്ടവരിൽ പഹൽഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഭീകരർക്കായി ശ്രീനഗറിലെ ദാര മേഖലയിൽ വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർക്കെതിരെ സംയുക്ത ഓപ്പറേഷൻ തുടങ്ങിയതായി സേന അറിയിച്ചു.
ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. ജമ്മു കശ്മീരിലെ ലിഡ്വാസിൽ തിങ്കളാഴ്ച തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി ചിനാർ പോലീസ് സോഷ്യൽ മീഡിയ ഹാൻഡിലിൽ അറിയിച്ചു. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ഹർവാനിലെ മുൾനാർ പ്രദേശത്ത് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നതിനിടെ ദൂരെ നിന്ന് രണ്ട് റൗണ്ട് വെടിയൊച്ചകൾ കേട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം പ്രദേശത്തേക്ക് കൂടുതൽ സേനയെ അയച്ചതായും തീവ്രവാദികളെ കണ്ടെത്തുന്നതിനായി കോമ്പിംഗ് പ്രവർത്തനങ്ങൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു. മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരാണ് വധിക്കപ്പെട്ടതെന്ന് സേന വൃത്തങ്ങൾ അറിയിച്ചു. രണ്ട് ദിവസം മുമ്പ് ഡാച്ചിഗാം വനമേഖലയിൽ സംശയാസ്പദമായ ആശയവിനിമയങ്ങൾ വഴി തിരിച്ചറിഞ്ഞ മൂന്ന് വിദേശ തീവ്രവാദികളെയാണ് ഓപ്പറേഷൻ ലക്ഷ്യമിട്ടതെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതോടൊപ്പം കൂടുതൽ ഭീകരർക്കായി പരിശോധന തുടരുകയാണെന്നും വാർത്താ ഏജൻസികൾ വ്യക്തമാക്കി. ജമ്മു കശ്മീരിൽ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം തുടക്കമിട്ടതാണ് ഓപ്പറേഷൻ മഹാദേവ്.