തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോർച്ചാ വിവാദത്തിൽ തനിക്കെതിരേ ഉയർന്ന ആരോപണത്തിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്. വിവാദ വ്യവസായി രാജേഷ് കൃഷ്ണയുമായി ചേർത്തുവെച്ച് തനിക്കെതിരേ നടത്തിയ ആരോപണങ്ങൾ വ്യവസായി ഷെർഷാദ് പിൻവലിച്ചില്ലെങ്കിൽ വേണ്ട നിയമനടപടിയിലേക്ക് കടക്കുമെന്ന് ഐസക്ക്. പിൻവലിച്ച് മാപ്പുപറഞ്ഞില്ലെങ്കിൽ കർശന നടപടി സ്വീകരിക്കും. ഇതങ്ങനെ വെറുതേവിടാൻ തീരുമാനിച്ചിട്ടില്ലെന്നും ഐസക് വ്യക്തമാക്കി.
ഒരു ആരോപണം ഉന്നയിക്കുമ്പോൾ ആരോപണം ഉന്നയിക്കുന്നയാളുടെ പശ്ചാത്തലംകൂടി അന്വേഷിക്കുന്നത് നന്നായിരിക്കും. ഈ മാന്യനെക്കുറിച്ച് മൂന്ന് കോടതി വിധികളുണ്ട്. അതിലെന്താണ് പറയുന്നതെന്ന് മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി കാണണം. വിവാദ കത്ത് ചോർന്നു കിട്ടിയെന്ന് പറഞ്ഞുനടക്കുന്നു. ഈ ആരോപണം ഉന്നയിച്ചയാൾത്തന്നെ മാസങ്ങൾക്ക് മുൻപ് ഫേസ്ബുക്കിലിട്ട കാര്യമാണിത്. അതു പിന്നെങ്ങനെയാണ് ചോരുക? പൊതുമധ്യത്തിലേക്ക് ആരോപണം ഉന്നയിച്ചയാൾതന്നെ അത് ഫേസ്ബുക്കിലിട്ട്, അങ്ങനെ ലഭ്യമായ സാധനം ഇത്രയും മാസം കഴിഞ്ഞിട്ട് ഇന്നെടുത്ത് വിവാദമാക്കിയിരിക്കുന്നു, അക്കാര്യത്തിൽ തന്റെ അഭിപ്രായമൊക്കെ ചോദിച്ചുവരണമെങ്കിൽ ഒരു വലിയ ചിന്ത അതിന്റെ പിറകിലുണ്ടെന്നും ഐസക്ക് പറഞ്ഞു.
ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. പിൻവലിച്ച് മാപ്പുപറഞ്ഞില്ലെങ്കിൽ കർശന നടപടി സ്വീകരിക്കും. വെറുതേവിടുന്ന പ്രശ്‌നമില്ല. രാജേഷ് കൃഷ്ണയെ അറിയുമോ എന്ന ചോദ്യത്തിന് ‘ആറിയാമെന്ന്’ എന്ന് ഐസക് മറുപടി നൽകി. വീട് ജപ്തി ചെയ്യാനായെന്നു പറഞ്ഞ് ആരുവന്നാലും സഹായിക്കാറാണ് പതിവ്. ആര് സഹായമഭ്യർഥിച്ചു വന്നാലും സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുകെ വ്യവസായിയും സിപിഎം അംഗവുമായ രാജേഷ് കൃഷ്ണയ്‌ക്കെതിരായി ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷെർഷാദ് പിബിയ്ക്ക് നൽകിയ കത്ത് പുറത്തുവന്നത് സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. കത്തിൽ പരാമർശിക്കുന്ന എംബി രാജേഷ്, തോമസ് ഐസക്ക്, പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ ബിനാമിയാണ് രാജേഷ് കൃഷ്ണയെന്ന് ആരോപിച്ചിരുന്നു. പിന്നാലെയാണ് മറുപടിയുമായി തോമസ് ഐസക്കും എംബി രാജേഷും രംഗത്തെത്തിയത്.