കൊച്ചി: കൊല്ലപ്പെട്ട നാലുകാരി പീഡന വിവരം അമ്മയോട് നേരത്തെ പറഞ്ഞിരുന്നെന്ന് പ്രതിയുടെ മൊഴി. അമ്മ ഇക്കാര്യം ചോദിച്ച് തന്നെ തല്ലിയെന്നും ദേഷ്യപ്പെട്ടെന്നു പ്രതി പറഞ്ഞതായാണ് റിപ്പോർട്ട്.അതേസമയം തന്നോടു ചോദിച്ചതല്ലാതെ യുവതി പീഡന വിവരം മറ്റാരെയും അറിയിച്ചിട്ടില്ലെന്നാണ് പ്രതി പറയുന്നത്.
പക്ഷെ മകൾ പീഡനത്തിനിരയായ വിവരം യുവതി ആരെയെങ്കിലും അറിയിച്ചിരുന്നോയെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. മരിക്കുന്നതിന് തലേദിവസവും കുട്ടി പീഡനത്തിനിരയായിട്ടുണ്ട്. തൊട്ടടുത്ത വീടുകളിലാണ് ഇവർ താമസിക്കുന്നത്. അച്ഛന്റെ ഇളയ അനുജനായതിനാൽ ആരും സംശയിച്ചുമില്ല. ഒന്നരവർഷത്തോളം ഇയാൾ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അമ്മയുടെ മൊഴി തന്നെയാണ് കേസിൽ നിർണായകമായത്. പോസ്റ്റ്മോർട്ടം കഴിഞ്ഞയുടൻ തന്നെ കുട്ടി പീഡനത്തിനിരയായ വിവരം ഡോക്ടർ റൂറൽ എസ് പിയെ അറിയിച്ചിരുന്നു. അദ്ദേഹം ഉടൻ ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെത്തി കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തു.’ഒരാളെയായിരുന്നു കുഞ്ഞിന് ഏറ്റവും പ്രിയപ്പെട്ടത്’ എന്ന് യുവതി പറഞ്ഞിരുന്നു. ഇതോടെ അച്ഛന്റെ അച്ഛനേയും രണ്ട് സഹോദരന്മാരേയും ചോദ്യം ചെയ്തു. പിന്നാലെ ഇളയ സഹോദരനാണെന്ന് തെളിഞ്ഞു. മൂന്നാമൻ ആദ്യം കുറ്റം സമ്മതിച്ചില്ല. തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ തനിക്കൊരു അബദ്ധം പറ്റിപ്പോയെന്ന് പ്രതി പറയുകയായിരുന്നു. പീഡനവും കുഞ്ഞിന്റെ കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന സംശയം ശക്തമാണ്.
അതിനാൽതന്നെ കാക്കനാട് ജില്ലാ ജയിലിലുള്ള അമ്മയെ കസ്റ്റഡിയിൽ കിട്ടി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ. കുട്ടിയെ കാണാതായി തിരച്ചിൽ നടത്തുന്ന സമയം സ്ഥലത്തെത്തിയ ഭർത്താവിനോട്, എന്റെ കുഞ്ഞിനെ കൊന്നില്ലേ, ഇനി എന്നേയും കൊല്ലാനാണോ വന്നത് എന്ന് കുട്ടിയുടെ അമ്മ ചോദിച്ചിരുന്നു എന്ന വിവരമുണ്ട്. അതുകൊണ്ടു തന്നെ കുട്ടിയെ കൊലപ്പെടുത്തിയതും പീഡനവുമായി ബന്ധമുണ്ടോ എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിനായി ഫോൺ രേഖകൾ അടക്കം വിശദ പരിശോധനയ്ക്ക് വിധേയമാക്കും.
തിങ്കളാഴ്ച വൈകിട്ടാണ് ഭർതൃവീടിന്റെ സമീപത്തുള്ള അങ്കണവാടിയിൽനിന്ന് കുട്ടിയുമായി അമ്മ സ്വന്തം നാടായ ആലുവ കുറുമശേരിയിലേക്ക് തിരിക്കുന്നതും വഴിക്കു വച്ച് കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്ന് താഴേക്കിട്ട് കൊലപ്പെടുത്തുന്നതും. കുട്ടിയുമായി അന്ന് വൈകിട്ട് അമ്മ ആലുവ മണപ്പുറത്തും എത്തിയിരുന്നു. വൈകിട്ട് 7 മണിയോടെ തനിച്ച് വീട്ടിൽ വന്നു കയറിയപ്പോൾ ആദ്യം പരസ്പരവിരുദ്ധമായി സംസാരിച്ചിരുന്ന അമ്മ പിന്നീടാണ് മൂഴിക്കുളം പാലത്തിൽ നിന്ന് കുട്ടിയെ താഴേക്കിട്ടു എന്നു വെളിപ്പെടുത്തത്. പിറ്റേന്ന് 2.20ഓടെയാണ് കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെടുക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായെന്ന വിവരം പുറത്തുവന്നതോടെയാണ് അന്വേഷണം മറ്റുള്ളവരിലേക്ക് നീണ്ടതും പിതാവിന്റെ സഹോദരൻ അറസ്റ്റിലായതും.
അതേസമയം കുട്ടിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കൊല ചെയ്യാനുള്ള അമ്മയുടെ മോട്ടീവ് മനസിലായിട്ടില്ലെന്ന് ആലുവ റൂറൽ എസ് പി എം ഹേമലത വിശദീകരിക്കുന്നു. ഇനിയും ചോദ്യം ചെയ്യാനുണ്ട്. കൂടുതൽ പ്രതികളുണ്ടോ എന്ന് പരിശോധിക്കണം. സഹകരിക്കുന്നുണ്ട്. കുറ്റം സമ്മതിക്കുന്നുണ്ട്. എന്നാൽ വ്യക്തതയില്ലെന്നും ചെങ്ങമനാട് സ്റ്റേഷനിൽ എത്തിയ റൂറൽ എസ് പി പ്രതികരിച്ചിരുന്നു.