പാലക്കാട്: വിശപ്പിനെന്തു കള്ളൻ, എന്തു പോലീസ്… കയ്യിൽ കിട്ടുന്നതു അങ്ങ് അകത്താക്കുകയെന്നല്ലാതെ. അതുപോലെ ഒരു സംഭവമാണു പാലക്കാട്ടെ ഒരു ഹോട്ടലിൽ നടന്നത്. മോഷണത്തിനെത്തിയ കള്ളനു ഹോട്ടലിൽ കയറിയതോടെ വിശന്നു. ഉടൻ തപ്പി നോക്കിയപ്പോൾ കിട്ടിയതു മുട്ടയാണ്. ഉടനെ കോഴിമുട്ടയെടുത്ത് ഓംലറ്റ് ഉണ്ടാക്കി.
ഇതിനിടെ ഫ്രിഡ്ജ് തപ്പി നോക്കിയപ്പോൾ അതിൽ ബീഫ് ഫ്രൈ ഇരിക്കുന്നത് കണ്ടു. ഇത് ചൂടാക്കാൻ തുടങ്ങുന്ന സമയത്താണ് എന്തിനാ വന്നതെന്നു ഓർമവന്നത്. ചുറ്റും നോക്കിയപ്പോൾ ഹോട്ടലിൽ സ്ഥാപിച്ച സിസിടിവി കാമറ കള്ളൻറെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ കള്ളൻ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
എന്നാൽ പോകുന്ന പോക്കിൽ അവിടെയുണ്ടായിരുന്ന മൊബൈൽ ഫോണും ചാർജറും 29000 രൂപയും കള്ളൻ മോഷ്ടിച്ചിട്ടുണ്ട്. ചന്ദ്രനഗറിലെ ഹോട്ടലിലാണ് മോഷണം നടന്നത്. ഹോട്ടലിന് സമീപത്തെ ക്ഷേത്രത്തിലെ ഹുണ്ടികയും തകർത്ത നിലയിലാണ്. ഇതേ കള്ളനാണോ എന്നത് പോലീസ് പരിശോധിച്ചു വരികയാണ്.