തിരുവനന്തപുരം∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബെംഗളൂരുവില്‍ താമസിക്കുന്ന ഇരുപത്തിമൂന്നുകാരി പൊലീസില്‍ പരാതി നല്‍കാതെ കെപിസിസിക്കു പരാതി നല്‍കിയതിലും പരാതി നല്‍കാന്‍ രണ്ടു വര്‍ഷത്തിലധികം സമയം എടുത്തതിലും സംശയം പ്രകടിപ്പിച്ച് കോടതി. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യം ഉണ്ടെന്നും രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.നസീറ വ്യക്തമാക്കി.
രാഹുലിനെതിരായ പരാതി ഗൗരവമുള്ളതാണെന്നും എന്നാല്‍ പരാതി നല്‍കാന്‍ വലിയ കാലതാമസം ഉണ്ടായെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ മൊഴികളിലെ വൈരുദ്ധ്യവും കോടതി അക്കമിട്ടു പറഞ്ഞിട്ടുണ്ട്. സ്വകാര്യതയും ഭാവിയും നശിക്കുമെന്നു ഭയന്നാണ് പരാതി നല്‍കാതിരുന്നതെന്നാണ് കെപിസിസിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ രാഹുല്‍ വിവാഹം കഴിക്കുമെന്ന് വിശ്വസിച്ചാണു പരാതി നല്‍കാതിരുന്നതെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയത്. പൊലീസിനെ സമീപിക്കാതെ കെപിസിസി പ്രസിഡന്റിനാണ് പരാതി നല്‍കിയത്. അതില്‍ പദവികളില്‍നിന്ന് രാഹുലിനെ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.















































