പട്‌ന: മന്ത്രവാദം ചെയ്യുന്നതായി ആരോപിച്ച് അയൽവാസികൾ ഒരു യുവതിയെ മർദിച്ച് കൊലപ്പെടുത്തി. കിരൺ ദേവി(35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവായ രണ്ട് സ്ത്രീകൾക്ക് സാരമായി പരിക്കേറ്റിട്ടുമുണ്ട്. ബിഹാറിലെ നവാഡ ജില്ലയിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. കിരൺദേവി മന്ത്രവാദം ചെയ്യുന്നുണ്ടെന്നും അതുകാരണം തങ്ങളുടെ കുട്ടിക്ക് അസുഖം ബാധിച്ചുവെന്നും ആരോപിച്ചാണ് അയൽവാസികൾ കിരൺ ദേവിയെ ക്രൂരമായി മർദിച്ചതെന്നാണു വിവരം. മുകേഷ് ചൗധരി, മഹേന്ദ്ര ചൗധരി, നത്രു ചൗധരി, ശോഭാ ദേവി എന്നിവരാണ് യുവതിയെ ഇഷ്ടികയും കല്ലും ഇരുമ്പുദണ്ഡുകളും കൊണ്ട് അതിക്രൂരമായി മർദ്ദിച്ചതെന്ന് കിരൺ ദേവിയുടെ ബന്ധു പറയുന്നു. നിരന്തരമായ ശാരീരിക പ്രശ്‌നങ്ങൾ കാരണം മുകേഷിന്റെ കുട്ടിയെ ഡോക്ടറെ കാണിച്ചിരുന്നു. പരിശോധനയിൽ കുട്ടിക്കു തലച്ചോറുമായി ബന്ധപ്പെട്ട അസുഖമാണെന്ന് ഡോക്ടർ അറിയിച്ചു.
എന്നാൽ, കുട്ടിയുടെ അസുഖത്തിന് കാരണം അയൽക്കാരിയായ കിരൺദേവിയാണ് എന്നാണ് ആ കുടുംബം നിരന്തരം കുറ്റപ്പെടുത്തിയിരുന്നത്. കിരൺ ദുർമന്ത്രവാദിയാണെന്നും ദുരാചാരം ചെയ്യുന്നവളാണെന്നും അവർ ആരോപിച്ചു. പിന്നാലെ, വ്യാഴാഴ്ച അയൽവീട്ടുകാർ സംഘം ചേർന്നുവന്ന് കിരൺദേവിയെയും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരേയും ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് കിരണിന്റെ സഹോദര ഭാര്യ രേഖാദേവി പറഞ്ഞു. ആക്രമണത്തിനിടെ കിരൺദേവിയുടെ ഇളയ സഹോദരന്റെ ഭാര്യ ലളിതദേവിക്കും മൂത്ത സഹോദരന്റെ ഭാര്യക്കും പരിക്കേറ്റു.
മർദനത്തിൽ മാരകമായി പരിക്കേറ്റ ഇവരെ വൈകാതെ ഉപജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർ പ്രഥമശുശ്രൂഷ നൽകിയെങ്കിലും അമിതമായ രക്തസ്രാവം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ, വഴിമധ്യേ കിരൺ ദേവി മരിച്ചു. കിരൺദേവിക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും ഉണ്ട്. അതേസമയം, ഗ്രാമത്തിലെ രണ്ട് കുടുംബങ്ങൾക്കിടയിലുണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.
















































